| Tuesday, 3rd March 2026, 2:05 pm

ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ നോവാകുന്ന ഇറാനിലെ ഖബറിടങ്ങള്‍

രാഗേന്ദു. പി.ആര്‍

യുദ്ധത്തിന്റെ ഇരകള്‍ എന്നും സ്ത്രീകളും കുട്ടികളുമാണ്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഉടനീളം ചര്‍ച്ചയാകുന്നത് ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഇറാനില്‍ ഒരുക്കിയ ഖബറിടങ്ങളാണ്.

ഫെബ്രുവരി 28ന് യു.എസും ഇസ്രഈലും സംയുക്തമായി ഇറാനില്‍ ആരംഭിച്ച ആക്രമണത്തില്‍ 165 കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

തെക്കന്‍ ഇറാനിലെ ഹോര്‍മുസ്ഗാന്‍ പ്രവിശ്യയിലെ മിനാബ് എന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് നേരെയായിരുന്നു ഇസ്രഈലിന്റെ ആക്രമണം. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രൈമറി സ്‌കൂളായിരുന്നു ഇത്. ആക്രമണത്തിന് പിന്നാലെ പുറത്തുവന്ന സ്‌കൂളിന്റെ ദൃശ്യങ്ങള്‍ ഗസയ്ക്ക് ശേഷം ഒരിക്കല്‍ കൂടി ലോകത്തെ നടുക്കിയിരുന്നു.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ കുട്ടികളുടെ മൃതദേഹങ്ങളും അവരുടെ ബാഗുകളും പുസ്തകങ്ങളും മനുഷ്യത്വമുള്ള മനുഷ്യന്റെ ഉള്ളില്‍ ചെറിയ വിങ്ങലെങ്കിലും ഉണ്ടാക്കിയിരിക്കാം. ആ മരവിപ്പിന് പിന്നാലെയാണ് ഇറാനില്‍ ഒരുക്കിയ കൂട്ടകുഴിമാടങ്ങള്‍ ലോകത്തെ വീണ്ടും ദുഖത്തിലാഴ്ത്തുന്നത്.

ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് കബറിടങ്ങളുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ‘ഗസ മുതല്‍ മിനാബ് വരെ നിരപരാധികള്‍ കൊലചെയ്യപ്പെടുന്നു’ എന്ന വാചകത്തോടെയാണ് അരാഗ്ചി ഈ ചിത്രം പങ്കുവെച്ചത്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനികള്‍ക്ക് വാഗ്ദാനം ചെയ്ത ‘രക്ഷ’ യഥാര്‍ത്ഥത്തില്‍ ഇതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഇസ്രഈലിന്റെ ആക്രമണത്തില്‍ ചിതറിത്തെറിച്ച നിരപരാധികളായ 160ലധികം വരുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ ശവക്കുഴികള്‍ തയ്യാറാക്കിയതെന്നും അരാഗ്ചി എക്സില്‍ എഴുതിയിരുന്നു.

മുമ്പ് ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളായ കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ഗസയിലെ അല്‍ ഷിഫ ആശുപത്രിക്ക് സമീപം ഒരുക്കിയ ഖബറിടങ്ങളാണ് സമാനമായി ചര്‍ച്ചയായിരുന്നത്.

നിലവില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഒത്തുകൂടിയ ആയിരകണക്കിന് ആളുകളുടെ വീഡിയോകളും ഇറാനില്‍ നിന്ന് പുറത്തുവരുന്നുണ്ട്.

Content Highlight: Graves prepared in Iran for children killed in Israeli attacks under discussion

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more