| Friday, 5th September 2025, 9:02 pm

കൊച്ചുമകന്റെ സംരക്ഷണം നിലനിര്‍ത്താന്‍ മുത്തശ്ശിക്ക് നിയമപരമായ അവകാശമില്ല: ബോംബെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കൊച്ചുമകന്റെ സംരക്ഷണം നിലനിര്‍ത്താന്‍ മുത്തശ്ശിക്ക് നിയമപരമായ അവകാശമില്ലെന്ന് ബോംബൈ ഹൈക്കോടതി. കുട്ടിയുമായി ആത്മബന്ധമുണ്ടെന്ന പേരില്‍ മാതാപിതാക്കളേക്കാള്‍ അവകാശം മുത്തശ്ശിക്ക് നല്‍കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

അഞ്ച് വയസുകാരനെ ഒപ്പം നിര്‍ത്താനുള്ള മുത്തശ്ശിയുടെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. അഞ്ചുവയസുകാരന്റെ പിതാവ് നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു വിധി.

ജസ്റ്റിസുമാരായ രവീന്ദ്ര ഗൂജ്, ഗൗതം അംഗദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക് സെറിബ്രല്‍ പാള്‍സി രോഗമുള്ള കാരണത്താല്‍ ഒരാളെ മുത്തശ്ശിയെ ഏല്‍പ്പിച്ച് രോഗബാധിതനായ കുഞ്ഞിനെയെന്ന് മാതാപിതാക്കള്‍ വളര്‍ത്തിയിരുന്നത്.

അടുത്തിടെ ഉണ്ടായ സ്വത്തുതര്‍ക്കത്തിന് പിന്നാലെ കുഞ്ഞിനെ തിരികെ നല്‍കാന്‍ പിതാവ് ആവശ്യപ്പെടുകയായിരുന്നു. മുത്തശ്ശി ആവശ്യം നിരാകരിച്ചതോടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. നിലവില്‍ കുട്ടിയുടെ സംരക്ഷണം മാതാപിതാക്കള്‍ക്ക് തിരിച്ചുനല്‍കണമെന്നാണ് കോടതി വിധിയില്‍ പറഞ്ഞിരിക്കുന്നത്.

മുത്തശ്ശിയും മാതാപിതാക്കളും തമ്മിലുള്ള പ്രശ്നത്തിന്റെ പേരില്‍ കുഞ്ഞിന് മാതാപിതാക്കളില്‍ നിന്നും ലഭിക്കേണ്ട സംരക്ഷണം നിഷേധിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം മുത്തശ്ശിക്ക് കുട്ടിയെ കാണാനുള്ള അനുമതി നല്‍കണമെന്ന് മാതാപിതാക്കള്‍ക്ക് നിര്‍ദേശവുമുണ്ട്.

ജനിച്ചത് മുതല്‍ കുഞ്ഞിനെ വളര്‍ത്തിയത് താനാണെന്നും തങ്ങള്‍ക്കിടയില്‍ വൈകാരികമായ ബന്ധമുണ്ടെന്നുമാണ് മുത്തശ്ശി പ്രധാനമായും കോടതിയില്‍ വാദിച്ചത്. ഈ വാദങ്ങള്‍ കണക്കിലെടുത്ത് കൂടിയാണ് കോടതി മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്.

എന്നാല്‍ ബയോളജിക്കല്‍ പേരന്റായതുകൊണ്ട് കുട്ടിയുടെ സംരക്ഷണാവകാശം അവകാശപ്പെടാന്‍ ഹരജിക്കാരന് നിയമപരമായ സാധുതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മുന്‍സിപ്പാലിറ്റി ജീവനക്കാരനായ പിതാവിന് കുട്ടിയെ സംരക്ഷിക്കാന്‍ തടസങ്ങളില്ലെന്നും കുട്ടിയ്ക്കും പിതാവിനും ഇടയില്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു.

മാതാപിതാക്കള്‍ക്കിടയിലും മറ്റു അഭിപ്രായഭിന്നതകള്‍ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരട്ടകളെ പരിപാലിക്കാന്‍ മാതാപിതാക്കള്‍ക്ക് സാമ്പത്തികമായി കഴിവില്ലെന്ന മുത്തശ്ശിയുടെ വാദവും കോടതി തള്ളി.

കുഞ്ഞുങ്ങളുടെ ക്ഷേമത്തിന് പ്രശ്‌നമുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ മാത്രമേ മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് മേലുള്ള അധികാരത്തെ ചോദ്യം ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി.

Content Highlight: Grandmother has no legal right to retain custody of grandson: Bombay High Court

We use cookies to give you the best possible experience. Learn more