ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ രൂപപ്പെട്ട വിശാല സഖ്യം( മഹാഗത്ബന്ദന്‍) ചിലരുട വ്യക്തിതാല്‍പര്യങ്ങള്‍ സാധിച്ചെടുക്കാന്‍ ആരംഭിച്ച രാംജവംശങ്ങളുടെ കൂട്ടായ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ക്ക് അവരുടെ അവസരവാദം കാണാന്‍ കഴിയുമെന്നും ഇത്തരം അസ്ഥിരമായ സഖ്യങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.
“നിരവധി നേതാക്കള്‍ വിശാല മഹാസഖ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. അത് ഒരു ആശയത്തെ അടിസ്ഥാനമാക്കി ഉണ്ടാവുന്നതല്ല, മറിച്ച് വ്യക്തി താല്‍പര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. അത് അധികാരത്തിന് വേണ്ടിയുള്ളതാണ്, ജനങ്ങള്‍ക്കു വേണ്ടിയുള്ളതല്ല”- ചെന്നൈയിലെ ബൂത്ത് തല പ്രവര്‍ത്തകരുമായി സംവദിക്കവേ മോദി പറഞ്ഞു.
“ജെയ്ന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനോടുള്ള കോണ്‍ഗ്രസിന്റേയും ഡി.എം.കെയുടേയും അഭിപ്രായ വ്യത്യാസങ്ങള്‍ നമ്മള്‍ കണ്ടതാണ്. ഒന്നുകില്‍ ഡി.എം.കെ അല്ലെങ്കില്‍ ഞങ്ങള്‍ എന്നായിരുന്നു അന്ന് കോണ്‍ഗ്രസിന്റെ നിലപാട്. എന്നാല്‍ ഇന്നവര്‍ക്ക് ഒരുമിച്ച് നില്‍ക്കണമത്രെ. അവസരവാദത്തിനല്ലാതെ മറ്റെന്തിനാണ് ഈ സഖ്യത്തെ വിശദീകരിക്കാന്‍ കഴിയുക”- മോദി ചോദിച്ചു.
ബൂത്ത് തലത്തില്‍ ബി.ജെ.പിക്ക് കൂടുതല്‍ ശക്തരാകണമെങ്കില്‍ ആളുകളെ സ്വന്തം കുടുംബം പോലെ കാണണമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഉപദേശിച്ചു.
നേരത്തെ നരേന്ദ്ര മോദിയും തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള ബി.ജെ.പി അണികളുമായി നടത്തിയ സംവാദത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നികുതിയെ ചോദ്യം ചെയ്ത് പ്രവര്‍ത്തകന്‍ രംഗത്തെത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
നിര്‍മ്മല്‍ കുമാര്‍ ജെയ്ന്‍ എന്നു സ്വയം പരിചയപ്പെടുത്തിയ ബി.ജെ.പി പ്രവര്‍ത്തകനാണ് മോദിയെ കുഴയ്ക്കുന്ന ചോദ്യം ചോദിച്ചത്. മോദിയെ പുകഴ്ത്തിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. ” ബഹുമാനപ്പെട്ട പ്രധാനമന്ത്രി, താങ്കളോട് സംസാരിക്കാന്‍ അവസരം ലഭിച്ചതില്‍ നന്ദിയുണ്ട്. രാജ്യത്തിനുവേണ്ടി താങ്കള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ നല്ലതാണ്. എന്നാല്‍ മധ്യവര്‍ഗ ജനത കരുതുന്നത് താങ്കളുടെ സര്‍ക്കാര്‍ എല്ലാ തരത്തിലും ഏല്ലാ രീതിയിലും നികുതി ശേഖരിക്കുകയെന്നതില്‍ മാത്രമാണ് ശ്രദ്ധയൂന്നുന്നതെന്നാണ്” ? എന്നായിരുന്നു മോദിയെ കുരുക്കിയ പ്രവര്‍ത്തകന്റെ ചോദ്യം.