ഭുവനേശ്വര്‍: ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാര സിങിന് ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഒഡീഷയില്‍ പ്രതിഷേധം ശക്തമാകുന്നു.
പ്രതിയായ ദാര സിങ് എന്ന രവീന്ദ്ര കുമാര്‍ പാലിനെ ജയില്‍ മോചിതനാക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ത്ത് സി.പി.ഐ.എം, സി.പി.ഐ.എം എന്നീ പാര്‍ട്ടികള്‍ രംഗത്തെത്തി. നല്ല നടപ്പ് ചൂണ്ടിക്കാട്ടി തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദാര സിംഗ് സുപ്രീം കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് ഇടത് പാര്‍ട്ടികള്‍ തങ്ങളുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്.
ഹരജിയില്‍ ഒരുമാസത്തിനകം തീരുമാനമെടുക്കാന്‍ ഒഡീഷ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ആഗസ്റ്റ് 19 ന് കേസ് വാദം കേള്‍ക്കാനായി കോടതി മാറ്റിയിട്ടുണ്ട്.
വര്‍ഗീയ കുറ്റകൃത്വത്തിന് ശിക്ഷിക്കപ്പെട്ടൊരു പ്രതിയോട് കാണിക്കുന്ന ഉദാരത സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും നീതിന്യായ വ്യവസ്ഥയിലുളള ജനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുമെന്നും സി.പി.ഐ, സിപി.ഐ.സംസ്ഥാന നേതൃത്വം പ്രസ്താവനയില്‍ പറഞ്ഞു.
ദാര സിങ്ങിനെ മോചിപ്പിക്കുന്നത് ഒഡീഷയിലെ മതസൗഹാര്‍ദ അന്തരീക്ഷത്തെ തകര്‍ക്കാന്‍ ഇടയാക്കുമെന്നും ഇരകളായ കുടുംബത്തോട് ചെയ്യുന്ന വലിയ നീതികേടാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്ത കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവിനുള്ള നിയമപരമായ ആനുകൂല്യങ്ങള്‍ നല്‍കരുതെന്നും ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പ്രതിയുടെ മോചന നീക്കത്തെ കോടതിയില്‍ ശക്തമായി എതിര്‍ക്കണമെന്നും ഇടത് നേതാക്കള്‍ ആവശ്യപ്പെട്ടു.
1999 ജനുവരി 22-നാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഒഡീഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ വെച്ച് കാറിനുള്ളില്‍ ഉറങ്ങുകയായിരുന്ന ഗ്രഹാം സ്റ്റെയിന്‍സ് (58), മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവരെ ദാര സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം പുറത്തുനിന്ന് പൂട്ടി തീവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ കീഴ്ക്കോടതി ദാര സിംഗിന് വധശിക്ഷയാണ് വിധിച്ചിരുന്നതെങ്കിലും, പിന്നീട് ഒഡീഷ ഹൈക്കോടതിയും സുപ്രീം കോടതിയും ശിക്ഷ ജീവപര്യന്തം തടവായി കുറയ്ക്കുകയായിരുന്നു.
Content Highlight: Graham Staines murder: Releasing Dara Singh would destroy the atmosphere of religious harmony in Odisha, state CPI and CPI(M).