| Wednesday, 15th July 2026, 9:26 pm

ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്ന കേസില്‍ ദാരാ സിങ്ങിനെയും മോചിപ്പിക്കാന്‍ ഒഡീഷയിലെ ബി.ജെ.പി സര്‍ക്കാര്‍

റെന്വര്‍ പി

ഭുവന്വേശ്വര്‍: ഓസ്‌ട്രേലിയന്‍ മിഷനറിയായിരുന്ന ഗ്രഹാം സ്റ്റെയിന്‍സിനെയും പത്തും ഏഴും വയസുള്ള രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന അവസാന കുറ്റവാളിയെയും മോചിപ്പിക്കാനുള്ള നീക്കവുമായി ഒഡീഷയിലെ ബി.ജെ.പി സര്‍ക്കാര്‍. കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ബജ്രംഗദള്‍ മുന്‍ പ്രവര്‍ത്തകനും പ്രധാന കുറ്റവാളികളിലൊരാളായ ദാരാസിങ്ങിനെ ജയില്‍മോചിതനാക്കാന്‍ ഒഡീഷ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

62 വയസ്സുകാരനായ ദാരാ സിങ്ങിനെ മോചിപ്പിക്കണമെന്ന് ഒഡീഷ സംസ്ഥാന ശിക്ഷാ പുനരവലോകന ബോര്‍ഡാണ് ശുപാര്‍ശ ചെയ്തത്. ‘നല്ല പെരുമാറ്റം മുന്‍ നിര്‍ത്തി’ സിങ്ങിന്റെ മോചനം പരിഗണിക്കണമെന്ന് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലൈ ആറിന് നടന്ന ബോര്‍ഡ് മീറ്റിങ്ങില്‍ ദാരാസിങ് അടക്കം 56 പേരെ മോചിപ്പിക്കാനായി പരിഗണിച്ചതായാണ് വിവരം. ഇക്കാര്യം ദാരാസിങ്ങിന്റെ അഭിഭാഷകന്‍ എ.പി. സിങ് സുപ്രീംകോടതിയെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

1999 ജനുവരി 22നാണ് ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സ് അവരുടെ മക്കളായ പത്ത് വയസുകാരന്‍ ഫിലിപ്‌സ് ഏഴ് വയസുകാരന്‍ തിമോത്തി എന്നിവരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്.
മനോഹര്‍പൂരില്‍ വെച്ച് വാനില്‍ കിടന്നുറങ്ങുകയായിരുന്ന സ്റ്റെയിന്‍സിനെയും കുടുംബത്തെയും അവര്‍ തീയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

ഒഡീഷയിലെ കുഷ്ഠരോഗികള്‍ക്ക് വേണ്ടി സേവനമനുഷ്ഠിച്ച് വരികയായിരുന്നു ഗ്രഹാം സ്റ്റെയിന്‍സ്. ആദിവാസികളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു എന്ന് ആരോപിച്ചായിരുന്നു കുടുംബത്തെ ഹിന്ദുത്വ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൂട്ടക്കൊല ചെയ്തത്.

കൊലപാതകത്തില്‍ 51 പേരെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ 37 പേരെ വിചാരണക്കോടതി വിട്ടയച്ചു. ദാരാ സിങ് ഉള്‍പ്പെടെ 14 പേര്‍ കുറ്റക്കാരാണെന്ന് കേസ് പരിഗണിച്ച സി.ബി.ഐ പ്രത്യേക കോടതി കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു.

ഈ വിധിക്കെതിരായ അപ്പീലില്‍ ഒഡീഷ ഹൈക്കോടതി 14 പേരില്‍ 11 പേരെ വെറുതെ വിട്ടു വിട്ടിരുന്നു. ദാരാ സിങ്ങിന് ആദ്യം വധശിക്ഷയായിരുന്നു വിധിക്കപ്പെട്ടത്. ഇത് പിന്നീട് സുപ്രീം കോടതി ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

ഈ കേസില്‍ ശിക്ഷിക്കപ്പെട്ടവരില്‍ ദാരാ സിങ് ഒഴികെ മറ്റുള്ളവരെയെല്ലാം ഇതിനകം വിട്ടയച്ചിട്ടുണ്ട്. കേസിലെ മുഖ്യകുറ്റവാളികളില്‍ ഒരാളായ മഹേന്ദ്ര ഹെംബ്രാമിനെ കഴിഞ്ഞ വര്‍ഷം വിട്ടയച്ചിരുന്നു. നല്ലനടപ്പ് പരിഗണിച്ചാണ് വിട്ടയക്കുന്നതെന്നാണ് അന്ന് ബി.ജെ.പി നേതൃത്വത്തിലുള്ള ഒഡീഷ സര്‍ക്കാര്‍ ശിക്ഷായിളവിനെക്കുറിച്ച് പറഞ്ഞത്.

മഹേന്ദ്ര ഹെംബ്രാമിനെ വിട്ടയച്ച നീക്കത്തെ അന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കറുത്ത കളങ്കമായി മാറിയിക്കുന്നുവെന്നാണ് അന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ പറഞ്ഞത്.

മഹേന്ദ്രയുടെ മോചനം സംഘികള്‍ക്ക് ആഘോഷിക്കാനുള്ള ഒരു കാരണമായെന്നും വെറുപ്പിന്റെ പേരില്‍ ഒരു കുടുംബത്തെ ജീവനോടെ ചുട്ടുകൊന്ന ഒരാള്‍ ഇപ്പോള്‍ സ്വതന്ത്രനായി നടക്കുന്നുവെന്നും ടാഗോര്‍ പറഞ്ഞിരുന്നു.

ഹെംബ്രാമിന്റെ മോചനത്തെ വി.എച്ച്.പി സ്വാഗതം ചെയ്തിരുന്നു. ഇത് തങ്ങളെ സംബന്ധിച്ച് വളരെ നല്ല ദിവസമാണെന്നാണ് വി.എച്ച്.പി ജോയിന്റ് സെക്രട്ടറി കേദാര്‍ ദാസ് പറഞ്ഞത്. ജയില്‍ മോചിതനായ ഹെംബ്രാമിനെ സംഘപരിവാര്‍ അനുകൂലികള്‍ അന്ന് ജയ്ശ്രീറാം വിളിച്ച് മാലയിട്ട് സ്വീകരിക്കുകയും ചെയ്തിരുന്നു.

Content Highlight: Graham Staines murder: Dara Singh may be released soon

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more