അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ കൂറ്റന്‍ വിജയാണ് ഇന്ത്യ സ്വന്തമാക്കിയത്. പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്സിനും 300 റണ്‍സിനുമാണ് ഇന്ത്യ വിജയച്ചത്.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ദിനത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 564 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശേഷം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനെ ഇന്ത്യ 152 റണ്‍സിന് ഓള്‍ ഔട്ട് ചെയ്ത് ഫോളോ ഓണിന് വിടുകയും ചെയ്തു. രണ്ടാം ഇന്നിങ്സിന് ബാറ്റുമായി ഇറങ്ങിയ അഫ്ഗാനെ ഇന്ത്യ 112 റണ്‍സിന് ഓള്‍ ഔട്ട് ചെയ്തു.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് മാനവ് സുതറാണ്.
തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ ഏഴ് വിക്കറ്റുകളാണ് താരം നേടിയത്. ആദ്യ ഇന്നിങ്‌സില്‍ അഫ്ഗാന്റെ ആറ് വിക്കറ്റുകളായിരുന്നു താരം സ്വന്തമാക്കിയത്. മാത്രമല്ല മത്സരത്തിലെ താരമാകാനാും താരത്തിന് സാധിച്ചു.
ഇപ്പോള്‍ മാനവിനെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ഗ്രേം സ്വാന്‍. രവീന്ദ്ര ജഡേജ വിരമിച്ചുകഴിഞ്ഞാല്‍ മാനവ് സുതര്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് വരണമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല 23കാരനായ മാനവ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനായി ജനിച്ചവനാണെന്ന് സ്വാന്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എത്ര നന്നായിട്ടാണ് അവന്‍ ബോളെറിയുന്നത്, ജഡേജയെപ്പോലെ നന്നായി ബാറ്റ് ചെയ്യില്ലെങ്കിലും, അവന് ബാറ്റിങ്ങിനുള്ള കഴിവുണ്ട്. അദ്ദേഹം ഒരു ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടിയിട്ടുണ്ട്. ഇത് ശരിക്കും രസകരമായ സെലക്ഷന്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തും, അദ്ദേഹം ഭാവിതാരമാണ്.
ഇനി സമയമായി എന്ന് ജഡേജ തീരുമാനിക്കുമ്പോള്‍, അദ്ദേഹം ഇടംകൈയ്യന്‍ സ്പിന്നറായി ടീമിലേക്ക് കടന്നുവരണം. കാരണം അവന്റെ പ്രകടനം ലോകോത്തര സ്പിന്നറുടെ പ്രകടനമായിരുന്നു? ആദ്യമായി ടെസ്റ്റ് കളിക്കുന്ന ഒരു താരത്തെപ്പോലെയല്ല അവന്റെ പ്രകടനം. എന്നെ വിശ്വസിക്കൂ, അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ജനിച്ചയാളാണ്,’ സ്വാന്‍ പറഞ്ഞു.
Content Highlight: Graeme Swann Talking About Manav Suthar