| Tuesday, 18th February 2025, 3:36 pm

ഇതുകേട്ട് നിങ്ങള്‍ എന്നെ മണ്ടനെന്ന് വിളിക്കും, എങ്കിലും പറയട്ടെ ആ ടീം ചാമ്പ്യന്‍സ് ട്രോഫി നേടും; വ്യക്തമാക്കി ഇംഗ്ലണ്ട് ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ട് കിരീടം നേടുമെന്ന് മുന്‍ സൂപ്പര്‍ താരവും ഇംഗ്ലീഷ് ലെജന്‍ഡുമായ ഗ്രെയം സ്വാന്‍. ഇംഗ്ലണ്ടിന് ചാമ്പ്യന്‍സ് ട്രോഫി നേടാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് വ്യക്തമാക്കിയ സ്വാന്‍ ഇന്ത്യക്കെതിരായ പരാജയത്തെ നോക്കിക്കൊണ്ട് ഇംഗ്ലണ്ടിനെ വിലയിരുത്തരുതെന്നും പറഞ്ഞു.

ക്രിക്കറ്റ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സ്വാന്‍.

‘ഇന്ത്യയില്‍ ഇംഗ്ലണ്ട് അത്രകണ്ട് മികച്ച പ്രകടനമല്ല പുറത്തെടുത്തത്. ഇക്കാര്യം എനിക്ക് അറിയാവുന്നതാണ്. കാരണം ഞാന്‍ അവിടെയുണ്ടായിരുന്നു, മത്സരത്തിന് കമന്ററി പറഞ്ഞവരില്‍ ഒരാള്‍ ഞാനായിരുന്നു.

മറ്റുള്ള കമന്റേറ്റര്‍മാര്‍ക്കൊപ്പം ‘ഇതാണോ ഏറ്റവും മോശം ഇംഗ്ലണ്ട് ടീം? ഇംഗ്ലണ്ടിന് ഇതെന്ത് പറ്റി?’ എന്ന് എനിക്ക് ചോദിക്കേണ്ടി വന്നിരുന്നു. ഞങ്ങള്‍ ആഗ്രഹിച്ച സ്ഥലത്ത് തന്നെ ഇന്ത്യയെ കൊണ്ടെത്തിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. ഒരുപക്ഷേ ഞാന്‍ ഒരു ഇംഗ്ലണ്ടുകാരന്‍ ആയത് കൊണ്ടുകൂടെയായിരിക്കാം ഞാന്‍ ഇങ്ങനെ പറയുന്നത്.

ഇംഗ്ലണ്ട് ചാമ്പ്യന്‍സ് ട്രോഫി വിജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ആളുകള്‍ ഇത് കേട്ട് ചിരിക്കുമായിരിക്കും, അവര്‍ എന്നെ മണ്ടനെന്ന് വിളിക്കുമായിരിക്കും എങ്കിലും പറയട്ടെ ഇംഗ്ലണ്ടായിരിക്കും വിജയിക്കുന്നത്.

അവര്‍ക്ക് ഇന്ത്യയില്‍ കളിച്ച് പരിചയമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ജയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഞങ്ങള്‍ എല്ലായ്‌പ്പോഴും അവിടെ ബുദ്ധിമുട്ടിയിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാനിലേക്കെത്തുമ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല.

എന്റെ നാട്ടിലുള്ളവര്‍ കരുതുന്നത് ഇന്ത്യയിലെയും പാകിസ്ഥാനിലെയും സാഹചര്യങ്ങള്‍ ഒന്നാണെന്നാണ്. എന്നാല്‍ അങ്ങനെയല്ല. പാകിസ്ഥാനിലേത് കൂടുതല്‍ ഫ്‌ളാറ്റ് ആയ പിച്ചുകളാണ്. അവിടെ സ്പിന്നിന് അധികം പിന്തുണ ലഭിക്കില്ല. അവിടെ ബാറ്റ് ചെയ്യാന്‍ കൂടുതല്‍ എളുപ്പമാണ്.

ഇന്ത്യയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ഞങ്ങളുടെ ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ സാധിക്കാതെ കഷ്ടപ്പെട്ടു. ലോകത്ത് മറ്റെവിടെയും അങ്ങനെ സംഭവിക്കില്ല. ഇംഗ്ലണ്ടിന് ചാമ്പ്യന്‍സ് ട്രോഫി വിജയിക്കാന്‍ സാധിക്കും, അവര്‍ വിജയിക്കുകയും ചെയ്യും,’ സ്വാന്‍ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ സന്ദര്‍ശകര്‍ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒറ്റ മാച്ചില്‍ പോലും വിജയിക്കാന്‍ സാധിക്കാതെയാണ് ജോസ് ബട്‌ലറും സംഘവും തോല്‍വിയേറ്റുവാങ്ങിയത്.

അതേസമയം, അഫ്ഗാനിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബി-യിലാണ് ഇംഗ്ലണ്ട് ഇടം നേടിയിരിക്കുന്നത്. ഫെബ്രുവരി 22നാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. ചിരവൈരികളായ ഓസ്‌ട്രേലിയയാണ് ആദ്യ മത്സരത്തിലെ എതിരാളികള്‍.

ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജോ റൂട്ട്, ടോം ബാന്റണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ബ്രൈഡന്‍ കാര്‍സ്, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്, സാഖിബ് മഹ്‌മൂദ്.

Content highlight: Graeme Swann says England will win ICC Champions Trophy

We use cookies to give you the best possible experience. Learn more