| Sunday, 24th August 2025, 2:03 pm

ഗ്രേഡ് എസ്.ഐമാര്‍ക്ക് വാഹനം പരിശോധിച്ച് പിഴ ഈടാക്കാന്‍ അധികാരമില്ല: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വാഹനങ്ങള്‍ പരിശോധിച്ച് പിഴ ഈടാക്കാന്‍ അധികാരമില്ലെന്ന് ഹൈക്കോടതി. മോട്ടോര്‍ വാഹന നിയമപ്രകാരമാണ് ഈ ഉത്തരവ്. സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം സബ് ഇന്‍ സ്‌പെക്ടര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഇതിനുള്ള അധികാരമെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി.

ബൈക്കിന്റെ നമ്പര്‍ പ്ലേറ്റില്‍ മാറ്റംവരുത്തിയെന്നാരോപിച്ച് ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ 7,000 രൂപ പിഴ ഈടാക്കിയതിനെതിരെ കൊല്ലം സ്വദേശി വിഗ്നേഷ് ഫയല്‍ ചെയ്ത ഹരജി കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.

മോട്ടോര്‍ വാഹന വകുപ്പിലെ എ.എം.വി.ഐക്കും അതിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കും പൊലീസ് വകുപ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ മുതലുള്ളവര്‍ക്കുമാണ് ഇത്തരത്തില്‍ വാഹനം പരിശോധിച്ച് പിഴ ഈടാക്കാന്‍ അധികാരമുള്ളതെന്ന് 2019ല്‍ പുറപ്പെടുവിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.

വാഹന പരിശോധനക്കായി ഗ്രേഡ് എസ്.ഐമാരെ നിയോഗിക്കരുതെന്നും കോടതി സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രേഡ് എസ്.ഐ തസ്തിക സൃഷ്ടിച്ചതെന്നും കോടതി വിലയിരുത്തി.

മുമ്പും ഗ്രേഡ് എസ്.ഐമാര്‍ വ്യാപകമായി ഇത്തരത്തില്‍ വാഹനങ്ങളില്‍ നിന്ന് പിഴ ഈടാക്കിയിരുന്നു. ഗ്രേഡ് എസ്.ഐമാരെ യഥാര്‍ഥ എസ്.ഐമാരായി കണക്കാക്കാന്‍ കഴിയില്ലെന്ന നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content highlight: Grade S I. Mark vehicles have no authority to inspect and impose fines: High Court

We use cookies to give you the best possible experience. Learn more