2016ല്‍ ഹാപ്പി വെഡിങ്സ് എന്ന സിനിമയിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് ഗ്രേസ് ആന്റണി. പിന്നീട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് കഴിഞ്ഞു. മമ്മൂട്ടിയോടൊപ്പം റോഷാക്കിലും നിവിന്‍ പോളിയോടൊപ്പം കനകം കാമിനി കലഹത്തിലും ഗ്രേസ് അഭിനയിച്ചിരുന്നു. എന്നാല്‍ കുമ്പളങ്ങി നൈറ്റ്‌സിലെ കഥാപാത്രത്തിലൂടെയാണ് നടി ശ്രദ്ധേയയായത്.
റാം സംവിധാനം ചെയ്ത പറന്ത് പോ എന്ന് ചിത്രത്തിലൂടെ ഗ്രേസ് തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചു. ഇപ്പോള്‍ പറന്ത് പോ കണ്ടിട്ട് മമ്മൂട്ടി തനിക്ക് മെസേജ് അയച്ചുവെന്ന് നടി പറയുന്നു.
‘ഗ്രേറ്റ് ജോബ്, ഗുഡ് ജോബ് എന്നൊക്കെ പറഞ്ഞ് എനിക്കൊരു മെസേജ് അയച്ചിരുന്നു. പക്ഷേ ഇതിനെന്താ റിപ്ലെ കൊടുക്കേണ്ടതെന്ന് എനിക്കറിയില്ല. ഹായ് സുഖമാണോ എന്നൊക്കെ എനിക്ക് മമ്മൂക്കയുടെ അടുത്ത് ചോദിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്.
ഇപ്പോള്‍ ഞാന്‍ ഹൗ ആര്‍ യൂ എന്ന് ചോദിച്ച് കഴിഞ്ഞാല്‍ മമ്മൂക്ക ഒരു കൈകൂപ്പി നില്‍ക്കുന്ന ഇമോജി അയക്കും. അപ്പോള്‍ ഞാന്‍ വിചാരിക്കും ഇത് സുഖമാണെന്നാണോ പറയുന്നത്, അതോ മടുത്ത് പൊക്കോ എന്നാണോ എന്ന്. ഒന്നും മനസിലാകില്ല.(ചിരി) പക്ഷേ അദ്ദേഹം എല്ലാത്തിനും ഒരു സമയം കണ്ടെത്തുന്നുണ്ട്.
മമ്മൂട്ടിക്ക് സിനിമയോട് ഉള്ള ഇഷ്ടത്തെ കുറിച്ചും ഗ്രേസ് ആന്റണി സംസാരിച്ചു. മമ്മൂട്ടി ഇപ്പോഴും താന്‍ പഠിച്ചുകൊണ്ടിരിക്കുന്നു എന്നാണ് പറയാറുള്ളതെന്നും അങ്ങനെ പറയുമ്പോള്‍ വെറുതേ ഇന്റര്‍വ്യൂവില്‍ പറയുന്നതാണെന്ന് വിചാരിക്കും എന്നാല്‍ അങ്ങനെയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘നമുക്ക് കാണാം ഇപ്പോഴും സംവിധായകനോട് ചോദിക്കുന്നത്. എനിക്കെന്താ ചെയ്യേണ്ടതെന്ന് അറിയില്ല പറഞ്ഞു തരൂ എന്ന്. മമ്മൂക്കയാണോ ഇത് ചോദിക്കുന്നതെന്ന് നമുക്ക് തോന്നിപോകും,’ ഗ്രേസ് ആന്റണി പറഞ്ഞു.
Content highlight: Grace Antony talks about Mammootty sending her a message after watching Parant Po