| Sunday, 5th July 2026, 11:15 am

മമ്മൂക്കയുടെ ആ ഒരു ഉപദേശം ഇന്നും ഞാൻ പിന്തുടരുന്നു: ഗ്രേസ് ആന്റണി

നന്ദന. ടി

മലയാള സിനിമയിലെ ശ്രദ്ധേയ യുവ നടിമാരിൽ ഒരാളാണ് ഗ്രേസ് ആന്റണി. ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ഹലാൽ ലവ് സ്റ്റോറി’, ‘കനകം കാമിനി കലഹം’, ‘അപ്പൻ’, ‘റോഷാക്ക്’, ‘പടച്ചോനേ ഇങ്ങൾ കാത്തോളീ’ തുടങ്ങി നിരവധി ചിത്രങ്ങളിലെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം, സ്വാഭാവിക അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിട്ടുണ്ട്. കഥാപാത്രങ്ങളെ എങ്ങനെയാണ് സമീപിക്കുന്നതെന്നും അവയെ വ്യത്യസ്തമാക്കാൻ നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ചും പറയുകയാണ് ഗ്രേസ് ആന്റണി. ‘ലെറ്റ്സ് ബി റിയൽ വിത്ത് അശ്വതി അശോക് വിശാൽ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

ഗ്രേസ് ആന്റണി.photo.screen grab/youtube

‘ഞാൻ ഒരു സിനിമയെയും അതിലെ കഥാപാത്രങ്ങളെയും കാണുന്നത് എന്റെ ചുറ്റുമുള്ള ആളുകളിലൂടെയാണ്. കൂടുതലും കഥാപാത്രങ്ങളെ അപ്രോച്ച് ചെയ്യാൻ ഞാൻ ശ്രമിക്കുന്നത് അങ്ങനെയാണ്. ഞാൻ കണ്ടിട്ടുള്ള ഏതെങ്കിലും ആളുമായി ആ കഥാപാത്രത്തെ റിലേറ്റ് ചെയ്യാൻ പറ്റുമോ, അവരുടെ മാനറിസം സ്റ്റഡി ചെയ്യാൻ പറ്റുമോ എന്നൊക്കെയാണ് ഞാൻ നോക്കുന്നത്. കാണുന്ന പ്രേക്ഷകന് അത് റിയൽ യൂണിവേഴ്സിൽ നിൽക്കുന്ന പോലെയാണ് തോന്നേണ്ടത്. അതായത്, മുഴച്ചു നിൽക്കുന്ന പോലെ ഫീൽ ചെയ്യരുത്. ‘സിമി’ എന്ന ‘കുമ്പളങ്ങി നൈറ്റ്സി’ലെ കഥാപാത്രം ആവരുത് ഒരിക്കലും ‘റോഷാക്കി’ലെ കഥാപത്രം. രണ്ടും രണ്ടായി തന്നെ ഇരിക്കണം. അല്ലെങ്കിൽ അവിടെ ഗ്രേസ് ആന്റണിയെ കാണാൻ പറ്റും.

ഒരു ഡയറക്ടറോ റൈറ്ററോ എന്നെ വെച്ച് ഒരു കഥാപാത്രം എഴുതുകയും പ്രൊഡ്യൂസർ എനിക്ക് സാലറി തരുകയും ചെയ്യുന്നുണ്ടെങ്കിൽ, ആ കഥാപാത്രത്തോട് ഞാൻ നീതി പുലർത്തണം. അതിന് എന്റെ ഭാഗത്തുനിന്ന് കുറച്ച് ഹോംവർക്ക് ചെയ്യണം. അതിനുവേണ്ടി ഞാൻ എടുക്കുന്ന എഫർട്ട് എന്ന് പറയുന്നത് എന്റെ ചുറ്റുമുള്ള ആളുകളെ ഒബ്സർവ് ചെയ്യുക എന്നതാണ്.

എനിക്ക് ഒരു കഥാപാത്രം ചെയ്യാൻ കിട്ടിയിട്ടുണ്ടെങ്കിൽ, ആ നിമിഷം മുതൽ ഞാൻ ഒബ്സർവ് ചെയ്യാൻ തുടങ്ങുന്നതല്ല. ബേസിക്കലി എന്റെ നേച്ചർ അങ്ങനെയാണ്. ചെറുപ്പം മുതലേ ടീച്ചേഴ്സിനെയൊക്കെ ഇമിറ്റേറ്റ് ചെയ്ത് എല്ലാവരെയും എന്റർടെയ്ൻ ചെയ്യിക്കുമായിരുന്നു. ചെറുപ്പം മുതലുള്ള ആ നേച്ചർ തന്നെയാണ് സിനിമയിലേക്ക് വന്നതിന് ശേഷം എന്റെ കഥാപാത്രങ്ങളെ ഇംപ്രൂവ് ചെയ്യാൻ സഹായിച്ചത്.

മമ്മൂക്ക എപ്പോഴും പറയുന്ന ഒരു കാര്യമാണ്, ‘ഒബ്സർവ് ചെയ്യുക’ എന്നത്. നമ്മുടെ കഥാപാത്രങ്ങളെ എപ്പോഴും വ്യത്യസ്തരാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കണം. എന്നാലേ നിങ്ങൾക്ക് ഒരു ആക്ടർ എന്ന നിലയിൽ നിലനിൽക്കാൻ പറ്റൂ. അല്ലെങ്കിൽ ഓഡിയൻസിന് ഭയങ്കര ബോറടിക്കും. ഞാൻ എപ്പോളും പറയാറുള്ളത് ഓഡിയൻസിന് ഞാൻ അവതരിപ്പിക്കുന്ന കഥാപത്രങ്ങളെ എന്ന് ഒരുപോലെ തോന്നി തുടങ്ങുന്നുവോ ആ ദിവസം ഞാൻ ഈ പണി നിർത്തുന്നതാണ് നല്ലത്,’ ഗ്രേസ് ആന്റണി പറഞ്ഞു.

ഗ്രേസ് ആന്റണി.photo.X

Content Highlight: Grace antony talks abour her acting method
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more