മലയാള സിനിമയിലെ ശ്രദ്ധേയ യുവ നടിമാരിൽ ഒരാളാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്സ്, ഹലാൽ ലവ് സ്റ്റോറി, കനകം കാമിനി കലഹം, അപ്പൻ, റോഷാക്ക്, തുടങ്ങി നിരവധി ചിത്രങ്ങളിലെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം, സ്വാഭാവിക അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് നടി. ലെറ്റ്സ് ബി റിയൽ വിത്ത് അശ്വതി അശോക് വിശാൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ഗ്രേസ് ആന്റണി.photo.X
‘ഞാനിപ്പോൾ ഏതു നിമിഷത്തിലാണോ ജീവിക്കുന്നത്, അവിടെ പൂർണ്ണമായും പ്രെസെന്റ് ആയിരിക്കാൻ ആണ് ശ്രമിക്കാറുള്ളത്. പണ്ടൊന്നും ഞാൻ അങ്ങനെയായിരുന്നില്ല, ഭയങ്കരമായി ഡിസ്ട്രാക്റ്റഡ് ആകുന്ന ഒരാളായിരുന്നു. അങ്ങനെ വരുമ്പോൾ നമുക്ക് സംഭവിക്കുന്നത്, ഒരു കാര്യത്തിലും ഒരു പൂർണ്ണത ഉണ്ടാവില്ല. പിന്നീട് നമുക്ക് പക്വത വരുന്നതിനനുസരിച്ച് അതൊക്കെ ശരിയാവുകയാണ് ചെയ്യുക. പക്ഷേ, ആ മാറ്റമൊക്കെ ഒരുപാട് സമയമെടുത്ത് സംഭവിക്കുന്ന ഒന്നാണ്.
പിന്നെ എന്റെ മെഡിറ്റേഷൻ എന്ന് പറയുന്നത് സ്വയം തിരിച്ചറിയൽ ആണ്. അതായത്, നമ്മൾ ചെയ്യുന്ന ഏത് കാര്യത്തിലാണോ നമുക്ക് സന്തോഷം കിട്ടുന്നത്, അല്ലെങ്കിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാത്തത്, ആ സാഹചര്യം തിരഞ്ഞെടുക്കുക, അല്ലാത്തവയിൽ നിന്നും ഒഴിവാകുക എന്നതാണ്. എപ്പോഴും ഒരാൾക്ക് പോസിറ്റീവുകൾ മാത്രമല്ല ഉണ്ടാവുക, നെഗറ്റീവുകളും ഉണ്ടാകും. പക്ഷേ ഒരു ദിവസം അവസാനിക്കുമ്പോൾ നമുക്ക് മനസ്സമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റണം. പണ്ടൊക്കെ നാളെ എന്തെങ്കിലും ഒരു പ്ലാൻ ഉണ്ടെങ്കിൽ തലേദിവസം മുതൽ ഭയങ്കര ടെൻഷൻ ആയിരിക്കും. പക്ഷേ ഇപ്പോൾ നാളെ എന്താണോ അത് നടക്കട്ടെ എന്നാണ് ചിന്തിക്കുന്നത്. അങ്ങനെ ചിന്തിക്കാൻ തുടങ്ങിയപ്പോൾ എല്ലാം ഭയങ്കര എളുപ്പമായി, കാര്യങ്ങളെ കൂടുതൽ പോസിറ്റീവായി കാണാനും തുടങ്ങി.
ഇപ്പോൾ ഞാൻ എന്റെ തെറ്റുകളെക്കാൾ എന്റെ പോസിറ്റീവ് വശങ്ങൾ കണ്ടെത്താനാണ് ശ്രമിക്കാറുള്ളത്. പണ്ടൊക്കെ എനിക്ക് ഒരു ടിപ്പിക്കൽ മകളായി ജീവിക്കാൻ പറ്റുന്നില്ല, അല്ലെങ്കിൽ ഒരു നായികയായി ഇരിക്കാൻ പറ്റുന്നില്ല, അതുമല്ലെങ്കിൽ നമ്മുടെയൊക്കെ സമൂഹത്തിലെ അപ്പുറത്തെ വീട്ടിലെ കുട്ടിയെപ്പോലെ നിൽക്കാൻ പറ്റുന്നില്ല എന്നൊക്കെയായിരുന്നു എന്റെ ചിന്തകൾ. എന്നാൽ പിന്നീടാണ് എനിക്ക് അങ്ങനെ നിൽക്കേണ്ടതില്ല എന്നൊരു ബോധം വന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ട്, ജീവിതം കുറച്ചുകൂടി ലൈറ്റായി മാറി. നമുക്കാവശ്യമുള്ള ആളുകൾ മാത്രമേ ഇപ്പോൾ എനിക്ക് ചുറ്റുമുള്ളൂ. നമ്മൾ കേൾക്കുന്നതും സംസാരിക്കുന്നതുമൊക്കെ നല്ല കാര്യങ്ങൾ മാത്രം സംസാരിക്കുന്ന ആളുകളോടാണ്. അതുകൊണ്ട് തന്നെ ജീവിതം ഇപ്പോൾ ഞാൻ വളരെ ആസ്വദിക്കുകയാണ്,’ ഗ്രേസ് ആന്റണി പറഞ്ഞു.
ഗ്രേസ് ആന്റണി.photo.screen grab/youtube
Content Highlight: Grace antony shares her thoughts about life