| Tuesday, 30th September 2025, 10:43 pm

തമിഴ് ഇന്‍ഡസ്ട്രിയിലേക്ക് വിളിച്ചത് അഭിമാനകരം; സന്തോഷങ്ങളെല്ലാം പങ്കുവെക്കാന്‍ വേറൊരാളെക്കൂടി കിട്ടിയത് അതിനെക്കാള്‍ സന്തോഷം: ഗ്രേസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം ഇന്‍ഡസ്ട്രിയിലെ അഭിനയം കണ്ട് തമിഴുപോലൊരു വലിയ ഇന്‍ഡസ്ട്രിയിലേക്ക് തന്നെ വിളിച്ചുവെന്നത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് നടി ഗ്രേസ് ആന്‌റണി. പേരന്‍മ്പിന്റെ സംവിധായകനായ റാം സംവിധാനം ചെയ്ത പറന്തു പോ ആണ് ഗ്രേസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

‘ഇതുവരെ സിനിമയില്‍ കിട്ടിയ അവസരങ്ങളും അംഗീകാരവുമെല്ലാം ഏറെ സന്തോഷം നല്‍കുന്നു. മികച്ച അഭിപ്രായങ്ങളാണ് പറന്തു പോവിന് ലഭിച്ചത്. ഏറെ ആഗ്രഹിച്ച് സിനിമയിലെത്തിയ ഒരാളാണ് ഞാന്‍. ഇത്രയും കാലംകൊണ്ടുതന്നെ ഏറ്റവും മികച്ച സംവിധായകരുടെയും നടന്മാരുടെയും അഭിനേതാക്കളുടെയും ടെക്‌നീഷ്യന്‍മാരുടെയും കൂടെയെല്ലാം സിനിമ ചെയ്യാന്‍ സാധിച്ചു.

സിനിമയുടെ തിരക്കഥയെഴുതുന്ന ഒരെഴുത്തുകാരന്‍ അയാളുടെ ഒരു കഥാപാത്രത്തിന് എന്നെയൊരു ഓപ്ഷനായി കാണുന്നുവെന്നത് വലിയ സന്തോഷമാണ്. ഈ സന്തോഷങ്ങളെല്ലാം പങ്കുവെക്കാന്‍ വേറൊരാളെക്കൂടി കിട്ടിയതില്‍ അതിനെക്കാള്‍ വലിയ സന്തോഷം,’ ഗ്രേസ് ആന്‌റണി പറയുന്നു.

അടുത്തിടെയാണ് നടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷമുള്ള കരിയര്‍ പ്ലാനുകളെ കുറിച്ചും അവര്‍ സംസാരിച്ചു. തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അവരവരുടെ പ്രൊഫഷന്‍ വളരെ പ്രധാനപ്പെട്ടതാണെന്നും അതിനെ ബാധിക്കുന്ന രീതിയില്‍ മറ്റൊന്നും മാറരുതെന്ന് തങ്ങള്‍ക്കുണ്ടെന്നും ഗ്രേസ് പറഞ്ഞു.

‘അതുകൊണ്ടുതന്നെ രണ്ടുപേരും ഏറ്റെടുത്ത വര്‍ക്കുകള്‍ കൃത്യമായിത്തന്നെ പൂര്‍ത്തിയാക്കും. ഇതുവരെ ചെയ്യാത്ത രീതിയിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത്. മലയാളത്തിലും തമിഴിലുമൊക്കെയായി ഒരുപിടി സിനിമകള്‍ വരും നാളുകളില്‍ ചെയ്യുന്നുണ്ട്,’ ഗ്രേസ് ആന്റണി പറയുന്നു.

Content highlight: Grace antony says It’s an honor to be called to the Tamil industry

We use cookies to give you the best possible experience. Learn more