ലക്‌നൗ: മുത്തലാഖ്ബില്ലിനെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്. മുസ്‌ലിം വനിതകള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്നും മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം സാഫര്‍യാബ് ജിലാനി പറഞ്ഞു.
“കേന്ദ്രസര്‍ക്കാരിന്റെ സമീപനം അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളതാണ്. മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടി അവരൊന്നും ചെയ്യില്ല. അവര്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇതിനെ ഉപയോഗിക്കുകയാണ്”. ജിലാനി പറഞ്ഞു.
മുസ്‌ലീം സ്ത്രീ ബില്‍2017 ഇന്ന് നിയമസഭയില്‍ വെച്ചിരുന്ന സമയത്ത് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത് ഈ നിയമം സ്ത്രീകളുടെ സുരക്ഷക്കും നീതിക്കും വേണ്ടിയുള്ളതാണ് അല്ലാതെ ഇത് വിശ്വാസമായോ ആചാര അനിഷ്ടാനങ്ങളുമായോ ബന്ധമില്ലാത്തതാണ് എന്നായിരുന്നു.
എന്നാല്‍ മന്ത്രി പാര്‍ലിമന്റിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും മുത്തലാഖ് നിയമം ആര്‍ട്ടിക്കള്‍ 25 പ്രകാരം സംരക്ഷിച്ചിട്ടുള്ളതാണെന്നും അത് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമായി ഉള്ളതാണെന്നും ജിലാനി പറഞ്ഞു.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയുള്ള ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. വാക്കാലുള്ളതും രേഖാമൂലമുള്ളതും ഇലക്ട്രോണിക് രൂപത്തിലുള്ളതുമായ മുത്തലാഖിനെ തടയുന്നതാണ് പുതിയ ബില്‍. ഇതിന് പിന്നാലെയാണ് മുസ്‌ലീം വ്യക്തി നിയമ ബോര്‍ഡ് അംഗത്തിന്റെ പരാമര്‍ശം.
ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കാനും മൂന്നു വര്‍ഷം വരെ തടവും പിഴ ശിക്ഷയുമാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്. ഇതിന് പുറമെ മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശം ഉറപ്പുവരുത്തുകയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണച്ചുമതല സ്ത്രീകള്‍ക്ക് നല്‍കാനും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്. 22 മുസ്‌ലീം രാജ്യങ്ങള്‍ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്.