ന്യൂദല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റില്‍ (ഇ.ഡി) 1227 അധിക അന്വേഷണ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിയമിക്കുന്നതിന് ധന മന്ത്രാലയത്തിന്റെ അംഗീകാരം. ആറ് കേഡറുകളിലായി 1227 പേരെക്കൂടി സേനയുടെ ഭാഗമാക്കാനുള്ള നടപടിക്ക് ധന മന്ത്രാലയം അംഗീകാരം നല്‍കിയെന്ന് ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിലവില്‍ 2029 ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് ഇ.ഡിയിലുള്ളത്. 1227 പേരെകൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് 3256 ആയി ഉയരും.
നിലവിലെ ഇ.ഡി അംഗബലത്തില്‍ 60 ശതമാനത്തിലധികമായിരിക്കും ഇത് പ്രകാരം വര്‍ധനവുണ്ടാവുക. ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടെ കൂടുതല്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് സാധിക്കും.
15 വര്‍ഷത്തിന് ശേഷമാണ് ഇ.ഡിയില്‍ ഇത്തരമൊരു പുനസംഘടനയുണ്ടാവുന്നത്. 2011ലായിരുന്നു ഇതിനു മുന്‍പ് ഇ.ഡിയുടെ അംഗബലം വര്‍ധിപ്പിച്ചത്.
1227 പേരെ അധികമായി ഇ.ഡിയില്‍ നിയമിക്കുമ്പോള്‍ അഡീഷനല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടര്‍മാരുടെ എണ്ണം പത്തില്‍ നിന്ന് 24 ആയി വര്‍ധിക്കുമെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജോയിന്റ് ഡയരക്ടര്‍മാരുടെ എണ്ണം 28ല്‍ നിന്ന് 49 ആയി വര്‍ധിക്കും,
ഡെപ്യൂട്ടി ഡയരക്ടര്‍മാരുടെ എണ്ണം 148ല്‍നിന്ന് 267 ആയും അസിസ്റ്റന്റ് ഡയരക്ടര്‍മാരുടെ എണ്ണം 255ല്‍ നിന്ന് 531 ആയും വര്‍ധിക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാരുടെ എണ്ണം 355ല്‍ നിന്ന് 606 ആയും അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാരുടെ എണ്ണം നിലവിലെ 425ല്‍ നിന്ന് 803 ആയി വര്‍ധിക്കും. ഇ.ഡിയുടെ വിവിധ കേഡറുകളിലെ ജീവനക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടാവും.
അതേസമയം ഇ.ഡിയിലെ ഡയറക്ടറുടെയും സ്‌പെഷല്‍ ഡയറക്ടര്‍മാരുടെയും എണ്ണത്തില്‍ മാറ്റമുണ്ടാവില്ലെന്നും എ.എന്‍.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഡയറക്ടറാണ് ഇ.ഡിക്കുള്ളത്. ഏഴ് സ്‌പെഷല്‍ ഡയരക്ടര്‍മാരുമുണ്ട്. ഇതില്‍ മാറ്റമില്ലാതെ തുടരും.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇ.ഡി റെയ്ഡുകള്‍ ഇരട്ടിയായതായി അടുത്തിടെ പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2892 ഇ.ഡി. റെയ്ഡുകളാണ് 2025-26 സാമ്പത്തിക വര്‍ഷം നടന്നിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1491 റെയ്ഡുകളായിരുന്നു 2024-25 സാമ്പത്തികവര്‍ഷം ഇ.ഡി നടത്തിയത്.
അതേസമയം ഈ കാലയളവില്‍ ഇ.ഡി അറസ്റ്റുകളുടെ എണ്ണം കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2025-26 വര്‍ഷം 156 പേരെയാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. 2024-25 വര്‍ഷം 214 പേരായിരുന്നു അറസ്റ്റിലായത്. 27 ശതമാനമാണ് അറസ്റ്റിലായവരുടെ എണ്ണത്തില്‍ കുറവുണ്ടായത്. 2023-24 വര്‍ഷത്തില്‍ 272 പേരെയായിരുന്നു ഇ.ഡി അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Govt sanctions over 60% manpower boost for ED