| Tuesday, 18th August 2026, 8:45 pm

പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ എഫ്.ഐ.ആർ പിൻവലിക്കുന്നതിൽ കേന്ദ്രം കാലതാമസം വരുത്തുന്നു; നഷ്ടപരിഹാരം നൽകുമെന്ന ഉറപ്പും പാലിച്ചില്ല: സി.ജെ.പി

റെന്വര്‍ പി

ന്യൂദൽഹി: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്കെതിരായ എഫ്‌.ഐ.ആറുകൾ പിൻവലിക്കുന്നതിൽ കേന്ദ്രസർക്കാർ കാലതാമസം വരുത്തുകയാണെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). പ്രതിഷേധത്തിന് നേർക്കുണ്ടായ പൊലീസ് അതിക്രമങ്ങളും പൊലീസ് ഉദ്യോഗസ്ഥർക്ക് നേർക്കുണ്ടായ അതിക്രമങ്ങളും അന്വേഷിക്കാനുള്ള സുപ്രീം കോടതിയുടെ ഉന്നതാധികാര സമിതിയിൽ തങ്ങളുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണമെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് ദൽഹിയിൽ സുപ്രീം കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആറുകളുടെ പട്ടിക നൽകാൻ ജൂലൈ 20 ന് ജന്തർ മന്തറിൽ പ്രതിഷേധക്കാർക്കെതിരെ നടന്ന പൊലീസ് അതിക്രമത്തെക്കുറിച്ച് വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി മൂന്ന് തവണ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായി സൗരവ് ദാസ് പറഞ്ഞു. റദ്ദാക്കാവുന്ന കേസുകളുടെ പട്ടിക സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കണമെന്നും സൗരവ് ആവശ്യപ്പെട്ടു.

വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹരജികൾ സുപ്രീം കോടതി ഇന്ന് (ഓഗസ്റ്റ് 18, ചൊവ്വ) പരിഗണിച്ചിരുന്നു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അന്വേഷിക്കാൻ ഉന്നതാധികാര സമിതി രൂപീകരിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് നിർദേശിക്കുകയും ചെയ്തു.

ഒരു മുൻ ജഡ്ജി, ഒരു ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്, ഡി.ജി.പി റാങ്കിൽ വിരമിച്ച ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ എന്നിവർ അംഗങ്ങളായ ഉന്നതാധികാര സമിതി രൂപീകരിക്കാനാണ് കോടതി നിർദേശിച്ചത്.

പ്രതിഷേധക്കാർക്കെതിരെ ദൽഹിയിലും വിവിധ സംസ്ഥാനങ്ങളും ചുമത്തിയ എഫ്‌.ഐ.ആറുകൾ റദ്ദാക്കണമെന്ന് സി.ജെ.പി ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം ഈ നടപടി സ്വീകരിക്കണമെന്ന് അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് സി.ജെ.പി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്.

കേസുകൾ പിൻവലിക്കണമെന്ന സി.ജെ.പി പ്രതിനിധികളുടെ ആവശ്യം കേന്ദ്രമന്ത്രിമാരായി ജെ പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവർ കഴിഞ്ഞ മാസം നടത്തിയ ചർച്ചയിൽ അംഗീകരിച്ചിരുന്നു. ഈ ചർച്ചക്കും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്റെ രാജിക്കും ശേഷമായിരുന്നു ജൂലൈ 25 ന് സി.ജെ.പി സമരം നിർത്തിവെച്ചത്.

നീറ്റ് പരീക്ഷാക്രമക്കേട് കാരണം ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന സി.ജെ.പിയുടെ ആവശ്യവും കഴിഞ്ഞ മാസം നടത്തിയ ചർച്ചയിൽ കേന്ദ്രം അംഗീകരിച്ചിരുന്നു. എന്നാൽ, നഷ്ടപരിഹാരം സംബന്ധിച്ച ഉറപ്പുകൾ സർക്കാർ പാലിച്ചിട്ടില്ലെന്നും സി.ജെ.പി പ്രതിനിധികളുമായി തുടർന്നുള്ള കൂടിക്കാഴ്ചകൾ നടത്തുന്നതിൽ പരാജയപ്പെട്ടുവെന്നും സൗരവ് ദാസ് പറഞ്ഞു.

“നിങ്ങൾ ഒരു ഉറപ്പ് നൽകിയിട്ടുണ്ടെങ്കിൽ, നിങ്ങൾ അത് പാലിക്കേണ്ടതാണ്. നഷ്ടപരിഹാരത്തെക്കുറിച്ചും എഫ്‌.ഐ.ആറുകളെക്കുറിച്ചും നിങ്ങൾ നൽകിയ എല്ലാ ഉറപ്പുകളും നിങ്ങൾ പാലിക്കുന്നില്ല. അതിനാൽ, നിങ്ങൾ മുഴുവൻ രാജ്യത്തെയും വഞ്ചിച്ചു,” എന്നും സൗരവ് ദാസ് പറഞ്ഞു.

സർക്കാർ അവർ നൽകിയ ഉറപ്പുകൾ പാലിക്കാൻ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ സി.ജെ.പി ദേശീയ പ്രവർത്തക സമിതി യോഗം ചേർന്ന് അടുത്ത നടപടി തീരുമാനിക്കുമെന്നും ദാസ് വ്യക്തമാക്കി.

“രാജ്യത്തെ യുവാക്കൾ വീണ്ടും തെരുവിലിറങ്ങാൻ നിർബന്ധിതരായാൽ, ഇത്തവണ അത് സർക്കാരിന് നല്ലതായിരിക്കില്ല,” എന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികളുടെ സമരം ആം ആദ്മി പാർട്ടി ഹൈജാക്ക് ചെയ്തെന്ന ആരോപണത്തിനും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ദാസ് മറുപടി നൽകി. സമരം ആരും ഹൈജാക്ക് ചെയ്തില്ലെന്നും മുഴുവൻ പ്രതിഷേധവും എല്ലാവർക്കുമായി തുറന്നിരുന്നുവെന്നു് ദാസ് പറഞ്ഞു.

എല്ലാവരെയും ക്ഷണിച്ചു. ബിജെപി വരേണ്ടെന്ന് തീരുമാനിച്ചു. അതായിരുന്നു അവരുടെ തീരുമാനം. പ്രധാനമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ പുതിയ വിദ്യാഭ്യാസ മന്ത്രിയെയോ ജാർഖണ്ഡിലേക്ക് പോകുന്നതിനെ ആരാണ് തടഞ്ഞത്? അവർക്ക് അവിടെ പോയി വിദ്യാർത്ഥികളോടൊപ്പം ഇരിക്കാമായിരുന്നില്ലേ എന്നും ദാസ് ചോദിച്ചു.

‘ ആം ആദ്മി പാർട്ടിയാണ് പ്രശ്‌നമെന്ന് അവർ കരുതുന്നുവെങ്കിൽ, എന്തുകൊണ്ട് പാർട്ടിയെ നിരോധിക്കുന്നില്ല? അതിനെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നില്ല? ആം ആദ്മി പാർട്ടിയുമായി ബന്ധപ്പെടുന്നത് ഇക്കാലത്ത് ഒരു വലിയ കുറ്റകൃത്യമായി മാറിയിട്ടുണ്ടോ?,’ എന്നും സൗരവ് ദാസ് ചോദിച്ചു.

Content Highlight: Govt of delaying FIR withdrawal- Says CJP

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more