| Thursday, 18th September 2014, 11:18 am

നില്‍പ് സമരത്തിന് കാരണമായ ഭൂമിയിലേക്കും പൈനാപ്പിള്‍ കൃഷി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: ഒക്ടോബര്‍ ഒന്നിനകം തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മി ഉറപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെ ആറളത്തെ ആദിവാസികള്‍ക്ക് നല്‍കാമെന്നേറ്റ ഭൂമിയില്‍ പൈനാപ്പിള്‍ കൃഷി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ആറളം ഫാമിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കൈവശമുള്ള ബാക്കി ഭൂമിയില്‍ കൂടി പൈനാപ്പിള്‍ കൃഷി വ്യാപിപ്പിക്കാന്‍ മന്ത്രിമാര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനിച്ചത്.

ആദിവാസികള്‍ക്ക് കാലാകാലങ്ങളിലായി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 9 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആദിവാസികള്‍ നില്‍പ് സമരം നടത്തുകയാണ്. ആദിവാസികള്‍ക്ക് നല്‍കാമെന്നേറ്റ ആറളത്തെ ഭൂമിയില്‍ ഇപ്പോള്‍ നടക്കുന്ന പൈനാപ്പിള്‍ കൃഷി അവസാനിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. എന്നാല്‍ ഈ ആവശ്യത്തിന് യാതൊര് വിലയും കല്‍പ്പിക്കാതെയാണ് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ജയലക്ഷ്മി കൂടി പങ്കെടുത്ത യോഗത്തില്‍ പൈനാപ്പിള്‍ കൃഷി വ്യാപിപ്പിക്കാനുള്ള അനുമതി നല്‍കിയത്.

നില്‍പ് സമരം അവസാനിപ്പിക്കുന്നതിനായി പി.കെ ജയലക്ഷ്മിയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും വ്യാഴാഴ്ച ഗോത്രമഹാസഭ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേകയോഗം ചേര്‍ന്ന് ആദിവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഒക്ടോബര്‍ 1നകം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും യോഗത്തില്‍ പി.കെ ജയലക്ഷ്മി ഉറപ്പ് നല്‍കുകയും ചെയതിരുന്നു. ഈ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് ആദിവാസികള്‍ നില്‍പ് സമരം പിന്‍വലിച്ചേക്കുമെന്ന് മന്ത്രിയുടെ ഓഫീസ് തന്നെ പ്രചരിപ്പിച്ച ദിവസം തന്നെ നടന്ന യോഗത്തിലാണ് ആറളത്ത് പൈനാപ്പിള്‍ കൃഷി വ്യാപിക്കുന്നതിന് മന്ത്രിമാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഇതിന് പുറമേ ആദിവാസികളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് അവര്‍ക്ക് വിതരണം ചെയ്ത ആറളത്തെ ഭൂമിയില്‍ക്കൂടി പൈനാപ്പിള്‍ കൃഷി ചെയ്യിക്കാനും ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നാണ് ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ടി. ഹേമരാജ് പറഞ്ഞത്.

പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയായ പൈനാപ്പിള്‍ കൃഷി അവസാനിപ്പിക്കണമെന്ന വനം വകുപ്പിന്റെ നിര്‍ദേശമുണ്ട്. ഇക്കാര്യം ഡി.എഫ്.ഒ സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്. പൈനാപ്പിള്‍ പഴുത്തതിന്റെ മണം കാട്ടില്‍ പരക്കുന്നതോടെ കാട്ടാനക്കൂട്ടം ഫാമിലേക്കിറങ്ങുന്നത് ആദിവാസികളുടെ ജീവനുനേരെ ഭീഷണിയാണെന്നും ഡി.എഫ്.ഒ അറിയിച്ചിരുന്നു. ഇതൊന്നും പരിശോധിക്കാതെയാണ് മന്ത്രിമാര്‍ കൃഷി വ്യാപിപ്പിക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്.

ആദിവാസികള്‍ക്ക് നല്‍കാനെന്ന പേരിലാണ് 2004ല്‍ ആറളം ഫാം കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. ഫാമിന്റെ പകുതി ആദിവാസികള്‍ക്ക് വിതരണം ചെയ്യുക, പകുതി ഫാമായി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭൂമി ഏറ്റെടുത്തത്. ഏകദേശം 7500 ഏക്കര്‍ വിസ്തൃതിയുള്ള ഈ ഭൂമിയില്‍ നിന്നും 840 ഏക്കര്‍ മാത്രമാണ് ആദിവാസികള്‍ക്ക് ഇതിനകം വിതരണം ചെയ്തു നല്‍കിയിട്ടുള്ളത്. ബാക്കിയുള്ള ഭൂമിയുടെ ഏകദേശവും ഇപ്പോള്‍ പൈനാപ്പിള്‍ കൃഷി ചെയ്യുന്നതിനായി തുച്ഛമായ പാട്ടത്തിന് കരാര്‍ നല്‍കിയിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more