മലയാളത്തിലും തമിഴിലുമായി വ്യത്യസ്ത സംഗീതശൈലികളിലൂടെ ശ്രദ്ധ നേടിയ സംഗീത സംവിധായകനും ഗായകനും വയലിനിസ്റ്റുമാണ് ഗോവിന്ദ് വസന്ത. തൈക്കുടം ബ്രിഡ്ജ് എന്ന പ്രശസ്ത മ്യൂസിക് ബാൻഡിന്റെ സ്ഥാപകനും അംഗവും മുൻനിര സംഗീതജ്ഞനുമായ അദ്ദേഹം, ‘മധുരം’, ‘പടവെട്ട്’, ‘മെയ്യഴകൻ’, ’96 ‘, ‘ബ്ലൂ സ്റ്റാർ’ ‘ചിന്ന ചിന്ന ആസൈ’ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ തന്റേതായ സംഗീതഭാഷ സൃഷ്ടിച്ചിട്ടുണ്ട്.
ഗോവിന്ദ് വസന്ത.photo.screen grab/youtube
വിജയ് സേതുപതിയും തൃഷയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ 96 എന്ന ചിത്രത്തിലെ ‘ദി ലൈഫ് ഓഫ് റാം’ ഇന്നും സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ്. ജീവിതത്തെ ലളിതമായി സ്വീകരിക്കുന്ന റാമിന്റെ കാഴ്ചപ്പാടും യാത്രയും മനോഹരമായി അവതരിപ്പിച്ച ഈ ഗാനത്തിന് ചിത്രത്തെ പ്രേക്ഷകരോട് കൂടുതൽ അടുപ്പിക്കുന്നതിൽ വലിയ പങ്കുണ്ടായിരുന്നു. ആ ഗാനത്തിന്റെ സംഗീത സംവിധാനത്തിന് പിന്നിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഗോവിന്ദ് വസന്ത. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലൈഫ് ഓഫ് റാം’ ഏകദേശം പത്ത് , പതിനഞ്ച് മിനിറ്റിനുള്ളിൽ വളരെ പെട്ടെന്ന് ഉണ്ടായ പാട്ടാണ്. ആ പാട്ടിനു എനിക്ക് കിട്ടിയ ബ്രിഫിങ് ലൈഫ് ഓഫ് റാം എന്ന് മാത്രമായിരുന്നു. ആ സമയത്ത് ഞാൻ യൂട്യൂബ് നോക്കി ഗിറ്റാർ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗിറ്റാറിലെ ചില കോർഡുകളും പ്ലക്കിങ്ങും പരിശീലിച്ചുകൊണ്ടിരുന്ന സമയത്താണ് പാട്ടിന്റെ ആദ്യ ഭാഗം വന്നത്. എനിക്ക് അത് അപ്പോൾ കൊള്ളാമെന്ന് തോന്നി. അങ്ങനെ ഒരു എട്ട് ബാർ ലൂപ്പ് കുറച്ച് നേരം വായിച്ചുകൊണ്ടിരുന്നു. അതിന്റെ മുകളിലേക്ക് വെറുതെ ഒന്ന് പാടിനോക്കി. ഏകദേശം അഞ്ച്-ആറ് മിനിറ്റ് ഞാൻ പാടിയപ്പോൾ ആ പാട്ടിന്റെ മുഴുവൻ രൂപവും അതിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. പിന്നീട് അതിൽ നിന്ന് കുറച്ച് കാര്യങ്ങൾ മാറ്റിയാണ് ‘ലൈഫ് ഓഫ് റാം’ എന്ന ഗാനം രൂപപ്പെട്ടത്,’ ഗോവിന്ദ് വസന്ത പറഞ്ഞു.
ദി ലൈഫ് ഓഫ് റാം.photo.padalvarigal