കണ്ണൂര്‍: സൗമ്യ വധക്കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. ടവര്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ രജീഷ്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ സഞ്ജയ്, അഖില്‍, നൈറ്റ് ഓഫീസര്‍ റിജോ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി വി. ജയകുമാര്‍ കേസ് അന്വേഷിക്കുമെന്നും ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു.
ഇന്ന് (വെള്ളി) പുലര്‍ച്ചയോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതി ജയില്‍ ചാടിയെന്ന വിവരം പൊലീസ് അറിയുന്നത്. അതേസമയം ഗോവിന്ദച്ചാമി ജയില്‍ ചാടിയ സമയവുമായി ബന്ധപ്പെട്ട് രണ്ട് വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
പുലര്‍ച്ചെ ഒന്നേ കാലോടെയാണ് ജയില്‍ ചാടിയതെന്നാണ് ഒരു വാദം. 4.15നാണെന്നാണ് മറ്റൊരു വാദം. ഒന്നേ കാലിനാണ് ചാര്‍ളി തോമസ് എന്ന ഗോവിന്ദച്ചാമി ജയില്‍ ചാടിയതെങ്കില്‍ അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസ് വിവരം അറിഞ്ഞത്.
പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ണൂര്‍ തളാപ്പിലെ ആളൊഴിഞ്ഞനാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കെട്ടിടത്തിലെ കിണറ്റില്‍ നിന്ന് ഇയാളെ പിടികൂടി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥാനായ ഉണ്ണിയാണ് കിണറ്റിനുള്ളില്‍ ഗോവിന്ദച്ചാമിയെ ആദ്യം കണ്ടത്.
ഒന്നര മാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാട്ടം. ഒരു മാസം മുമ്പാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 10 ഡി ബ്ലോക്കില്‍ നിന്ന് ഗോവിന്ദച്ചാമിയെ ബി ബ്ലോക്കിലേക്ക് മാറ്റിയത്. എന്നാല്‍ അതീവ സുരക്ഷയുള്ള ജയിലിന്റെ സെല്ലിലെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്.
നിലവില്‍ ജയില്‍ ചാടിയതിന് ശേഷം പിടിയിലായ ഗോവിന്ദച്ചാമിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ ഒറ്റയ്ക്കാണ് ജയില്‍ ചാടിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.
ഇതിനുപുറമെ ഗോവിന്ദച്ചാമി ജയില്‍ ചാടുമെന്ന വിവരം അറിയാമായിരുന്നുവെന്ന് സഹതടവുകാരന്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട് സ്വദേശിയായ തടവുകാരനാണ് മൊഴി നല്‍കിയത്.
Content Highlight: Four officials suspended over Govindachamy’s jailbreak