അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത് നിവിൻ പോളി കേന്ദ്രകഥാപാത്രമായെത്തിയ ‘പ്രേമം’ മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നാണ്. ജോർജ് എന്ന കഥാപാത്രത്തിന്റെ കൗമാരവും പ്രണയവും വേർപിരിയലുകളും ജീവിതത്തിലെ മാറ്റങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിച്ച ചിത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിൽ ഇടംപിടിച്ചിരിക്കുന്നു.
ഗോവിന്ദ് വസന്ത.photo.screen grab/youtube
രാജേഷ് മുരുകേശൻ ഒരുക്കിയ ഗാനങ്ങൾ ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചപ്പോൾ, ഗോവിന്ദ് വസന്തയുടെ വയലിനിൽ ഒരുങ്ങിയ ‘അൺഫിനിഷ്ഡ് ഹോപ്പ്’ എന്ന പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ വികാരങ്ങളെ ആഴത്തിൽ പ്രേക്ഷകരിലേക്ക് എത്തിച്ച പ്രധാന ഘടകങ്ങളിലൊന്നായിരുന്നു. പ്രണയനഷ്ടത്തിന്റെയും ഓർമകളുടെയും വേദനയെ വാക്കുകളില്ലാതെ അനുഭവിപ്പിച്ച ഈ സംഗീതം ഇന്നും മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ പശ്ചാത്തല സംഗീതങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. ആ ഐക്കോണിക് വയലിൻ തീം രൂപപ്പെട്ടതിന് പിന്നിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സംഗീത സംവിധായകനും ഗായകനും വയലിനിസ്റ്റുമായ ഗോവിന്ദ് വസന്ത. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
‘അൽഫോൻസ് പുത്രൻ ‘അൺഫിനിഷ്ഡ് ഹോപ്പ്’ എന്ന ട്രാക്കിൽ ഒന്നോ രണ്ടോ വയലിൻ പീസുകൾ വേണമെന്ന് പറഞ്ഞാണ് എന്നെ വിളിക്കുന്നത്. അദ്ദേഹം സിനിമയുടെ കഥയും ആ സംഗീതം വരുന്ന സാഹചര്യവും വിശദമായി പറഞ്ഞു തന്നു. ആ ട്രാക്കിന്റെ ബേസിക് കാര്യങ്ങൾ ഒക്കെ സംഗീത സംവിധായകൻ രാജേഷ് മുരുകേശൻ നേരത്തേ തന്നെ ഒരുക്കിയിരുന്നു. ബാക്കിങ് ട്രാക്കുകളും അദ്ദേഹം തയ്യാറാക്കി വെച്ചിരുന്നു. അതിന്റെ മുകളിൽ ഒരു ജാം ചെയ്യുക എന്നതായിരുന്നു എന്റെ ഉത്തരവാദിത്തം.
ആദ്യം ആ ട്രാക്കിനായി അഞ്ച്-ആറ് മിനിറ്റ് ദൈർഘ്യമുള്ള ഒരു പീസ് ആണ് ഞാൻ കൊടുത്തിരുന്നത് . അതിൽ നിന്ന് ആവശ്യമായ ഭാഗങ്ങൾ രാജേഷ് തിരഞ്ഞെടുത്തതാണ് സിനിമയിൽ ഉപയോഗിച്ചത്. പിന്നീട് അതിന്റെ ഒരു എക്സ്റ്റെൻഡഡ് വേർഷൻ ഞാൻ എന്റെ രീതിയിൽ യൂട്യൂബിൽ ഒരു കവർ പോലെ അപ്‌ലോഡ് ചെയ്തിരുന്നു.
ആളുകൾ ആ ട്രാക്കിനെക്കുറിച്ച് എനിക്ക് മെസേജുകൾ അയയ്ക്കുമ്പോൾ ചെറിയൊരു വിഷമം തോന്നാറുണ്ട്. കാരണം, വെറുതെ വയലിൻ വായിച്ചാൽ മാത്രം പോരല്ലോ. അത് കൃത്യമായ സ്ഥലത്ത് പ്ലേസ് ചെയ്തപ്പോഴാണ് ആ സംഗീതം ഇത്രയും മനോഹരമായത്. അതു കൊണ്ട് ‘അൺഫിനിഷ്ഡ് ഹോപ്പ്’ ഒരു കമ്പോസർ എന്ന നിലയിൽ രാജേഷ് മുരുകേശന്റേതാണ്. ഞാൻ അത് എല്ലാ സ്ഥാലത്തും പറയാറുണ്ട് ‘ ഗോവിന്ദ് വസന്ത പറഞ്ഞു.
അതേസമയം, പ്രേമം ചിത്രത്തിലെ ‘ആലുവ പുഴ’, ‘മലരേ’ എന്നീ ഗാനങ്ങൾ ആദ്യം തന്നെക്കൊണ്ട് പാടിപ്പിച്ചിരുന്നുവെന്നും, എന്നാൽ പിന്നീട് അത് സിനിമയിൽ വർക്ക് ആവാത്തതു കൊണ്ട് ഒഴിവാക്കുകയായിരുന്നുവെന്നും ഗോവിന്ദ് വസന്ത പറഞ്ഞു.
പ്രേമം.photo.Behance