സൗത്ത് ഇന്ത്യയിലെ മികച്ച സംഗീതസംവിധായകരിലൊരാളാണ് ഗോവിന്ദ് വസന്ത. തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡിലൂടെയാണ് ഗോവിന്ദ് വസന്ത ശ്രദ്ധേയനാകുന്നത്. അസുരവിത്ത് എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിക്കൊണ്ടാണ് ഗോവിന്ദ് വസന്ത സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വള എന്ന ചിത്രത്തില്‍ ഗോവിന്ദ് വസന്ത ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. മുഹഷിന്‍ സംവിധാനത്തില്‍ വന്ന ഈ സിനിമയില്‍ ധ്യാന്‍ ശ്രീനിവാസന്‍, ലുക്ക്മാന്‍ അവറാന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ഗോവിന്ദ് വസന്ത. ഒട്ടും താത്പര്യമില്ലാതെയല്ല താന്‍ ഈ സിനിമയില്‍ അഭിനയിച്ചതെന്നും എന്നാല്‍ അഭിനയിക്കാന്‍ തനിക്ക് വാസ്തവത്തില്‍ താത്പര്യമില്ലെന്നും ഗോവിന്ദ് വസന്ത പറയുന്നു.
‘ചെയ്യുന്ന ജോലി കൃത്യമായിട്ട് ചെയ്യുക എന്ന എതിക്‌സ് ഉള്ളതുകൊണ്ടാണ് അത് ചെയ്യുമ്പോള്‍ നന്നായി ചെയ്യുന്നത്. ഇനി അഭിനയിക്കാന്‍ താത്പര്യമില്ല, പക്ഷേ കണ്‍വിന്‍സ് ചെയ്യപ്പെടുമോ എന്നറിയില്ല. ഈ സിനിമയ്ക്ക് മുമ്പ് ഞാന്‍ ഒരു സിനിമ ചെയ്തിട്ടുണ്ട്. ഞാന്‍ മ്യൂസിക് ചെയ്ത സോളോ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അവിടെയും സംവിധായകന്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു. അങ്ങനെ അഭിനയിച്ചതാണ്,’ ഗോവിന്ദ് വസന്ത പറയുന്നു.
ഹര്‍ഷദ് രചന നിര്‍വഹിച്ച സിനിമയില്‍ വിജയരാഘവന്‍, ശാന്തി കൃഷ്ണ, രവീണ രവി , ശീതള്‍ ജോസഫ് തുടങ്ങിവരും അഭിനയിക്കുന്നു. അഫ്‌നാസ് വി. ഛായാഗ്രഹണവും സിദ്ദിഖ് ഹൈദര്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
Content highlight: Govind Vasantha on acting in the movie Vala