| Thursday, 17th September 2015, 1:03 pm

ഗോവിന്ദ് പന്‍സാരെ വധം: നാല് പ്രതികള്‍ കൂടി പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരയെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളെ കൂടി എസ്.ടി.എഫ് പിടികൂടി. ബുധനാഴ്ച സാംഗ്ലിയില്‍ വെച്ച് കേസിലെ മുഖ്യ പ്രതിയെ പിടികൂടിയതിന് പിന്നാലെയാണ് നാല് പേര്‍ കൂടി അറസ്റ്റിലായത്.

കോല്‍ഹാപൂര്‍, സാന്‍ഗ്ലി ജില്ലകളിലെ പോലീസ് സേന നടത്തിയ സംയുക്തനീക്കത്തിലാണ് തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകനായ സമീര്‍ വിഷ്ണു ഗെയ്ക്കവാദെന്നയാളെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നത്. ഇയാള്‍ കുറച്ച് ദിവസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

പ്രതിയെ അറസ്റ്റ് ചെയ്തത് കേസന്വേഷണത്തില്‍ നിര്‍ണായകമാവുമെന്ന് പന്‍സാരെയുടെ മകളായ സ്മിത പന്‍സാരെ പ്രതികരിച്ചിരുന്നു.

സമീര്‍ അറസ്റ്റിലായതിന് പിന്നാലെ പന്‍സാരെയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തെ സനാതന്‍ സന്‍സ്ത നിഷേധിച്ചിരുന്നു. അതേ സമയം സമീര്‍ തങ്ങളുടെ പ്രവര്‍ത്തകനാണെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരാണെന്നും  സംഘടന സമ്മതിച്ചിരുന്നു. പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

ഈ വര്‍ഷം ഫെബ്രുവരി 16നാണ് പന്‍സാരെയ്ക്ക് കോല്‍ഹാപൂരില്‍ പ്രഭാതസവാരി നടത്തുന്നതിനിടെ വെടിയേറ്റിരുന്നത്. ബൈക്കിലെത്തിയ അക്രമി സംഘം അദ്ദേഹത്തിന്റെ ഭാര്യ ഉമയ്ക്ക് നേരെയും വെടിയുതിര്‍ത്തിരുന്നു. പിന്നീട് നാലു ദിവസങ്ങള്‍ക്കുശേഷം 20ാം തീയതി മുംബൈയിലെ ആശുപത്രിയില്‍ വെച്ചാണ് പന്‍സാരെ മരണപ്പെട്ടത്.

We use cookies to give you the best possible experience. Learn more