| Saturday, 1st February 2025, 11:37 am

എല്ലാ വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരിനെതിരായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നു: എം.കെ. സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എല്‍. രവി സംസ്ഥാന സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചുവെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. എല്ലാ വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരിനെതിരായാണ് ഗവര്‍ണരുടെ പ്രവര്‍ത്തികളെന്നും സ്റ്റാലിന്‍ പറഞ്ഞു.

വിഷയങ്ങളിലെല്ലാം ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങളുന്നയിക്കുകയാണെന്നും ഇത് ഒന്നോ രണ്ടോ വിഷയങ്ങളില്‍ മാത്രമുള്ളതല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

സമീപകാലത്ത് തമിഴ്‌നാട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ആരോപണങ്ങളെയും വിഷയങ്ങളെയും കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എം.കെ. സ്റ്റാലിന്‍.

സംസ്ഥാനത്തെ മ്യൂസിയം കോംപ്ലക്‌സില്‍ ഗാന്ധി അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചതിന് ഗവര്‍ണര്‍ രവി സ്റ്റാലിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള സര്‍വകലാശാലകളില്‍ വൈസ് ചാന്‍സിലര്‍മാരായി നിയമിക്കുന്നതിനുള്ള ഉദ്യോഗാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റികളില്‍ യു.ജി.സി ചെയര്‍മാന്റെ നോമിനിയെ ഉള്‍പ്പെടുത്തണമെന്ന ഗവര്‍ണറുടെ ആവശ്യത്തെ തുടര്‍ന്നും സംസ്ഥാന സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുയര്‍ന്നിരുന്നു.

വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഫെബ്രുവരി നാലിന് കോടതി വാദം കേള്‍ക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ യു.ജി.സി ചെയര്‍മാന്റെ നോമിനിയെ ആ പാനലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്ന് മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ വൈസ് ചാന്‍സിലര്‍ നിയമനത്തിനായി സെര്‍ച്ച കമ്മറ്റിയുടെ വിജ്ഞാപനം തിരിച്ചുവിളിക്കണമെന്ന് ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പകരം താന്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയെ സര്‍ക്കാര്‍ കാര്യങ്ങള്‍ അറിയിക്കണമെന്നുമായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്.

നോര്‍ത്ത് ചെന്നൈ വികസന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചതിന് ശേഷം ഗവര്‍ണര്‍ സര്‍ക്കാരിനെതിരായ നിലപാട് സ്വീകരിക്കുന്നത് സര്‍ക്കാരിന് നല്ല രീതിയിലാണ് ബാധിച്ചതെന്നും ഇതേ നിലപാട് തന്നെ ഗവര്‍ണര്‍ തുടരണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Content Highlight: Governor works against state government on all issues: MK Stalin

We use cookies to give you the best possible experience. Learn more