| Friday, 6th February 2026, 7:45 am

വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ രാഷ്ട്രപതിക്കയച്ച് ഗവര്‍ണര്‍; വന ഭേദഗതി ബില്ലിന് അംഗീകാരവും

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് ബില്‍.

ജനവാസ മേഖലയിലിറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളെ ആവശ്യമെങ്കില്‍ കൊല്ലുന്നതിനോ മയക്കുവെടി വെക്കുന്നതിനോ അനുവദിക്കുന്ന വ്യവസ്ഥ അടക്കമാണ് ഈ ബില്ലിലുള്ളത്.

ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

പ്രാബല്യത്തിലുള്ള നിയമമനുസരിച്ച് മനുഷ്യന് വെല്ലുവിളിയാകുന്ന വന്യജീവികളെ കൊല്ലുക എന്നത് പ്രയാസകരമായ ഒരു നടപടിയാണ്.

നിലവിലെ നടപടിക്രമങ്ങള്‍ പ്രകാരം, ആദ്യം സമിതി രൂപീകരിച്ച് ശുപാര്‍ശ നല്‍കുകയും തുടര്‍ന്ന് അപകടത്തിന് കാരണമായ മൃഗത്തെ ക്യാമറ വെച്ച് തിരിച്ചറിയുകയും വേണം. ശേഷം അപകടകാരി കടുവയാണെങ്കില്‍ അത് നരഭോജിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യണം.

ഈ സാഹചര്യത്തിലാണ് കേരളം നിയമത്തില്‍ ഭേദഗതി വരുത്തിയത്. ബില്ലില്‍ നാടന്‍ കുരങ്ങുകളെ ഒന്നാം പട്ടികയില്‍ നിന്ന് രണ്ടിലേക്ക് മാറ്റാനും ജനനിയന്ത്രണം നടത്താനും വ്യവസ്ഥയുണ്ട്.

സംസ്ഥാനത്തിന്റെ ആവശ്യം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് അനുമാനം. അതേസമയം സംസ്ഥാനം പാസാക്കിയ വന ഭേദഗതി ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി.

സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വില്‍പന നടത്താന്‍ അനുവദിക്കുന്നതാണ് ബില്‍.

നിലവില്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ ചന്ദനമരം മുറിച്ച് വില്‍ക്കാന്‍ ഭൂവുടമകയ്ക്ക് അധികാരമില്ല. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍, വീടിന് അപകടമായതോ ഉണങ്ങിയതോ ആയ മരങ്ങള്‍ മുറിക്കാനാണ് അനുമതി നല്‍കുക. വീട് വെക്കുന്നതിന് തടസമായ മരങ്ങളും ഈ ഭേദഗതിയിലൂടെ മുറിച്ച് മാറ്റാനാകും.

Content Highlight: Governor sends Wildlife Protection Amendment Bill to President; Forest Amendment Bill also approved

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more