| Tuesday, 1st July 2025, 12:34 pm

വേടൻ്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയതിൽ വിശദീകരണം തേടി ഗവർണർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: റാപ്പ് ഗായകൻ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കാലിക്കറ്റ് സർവകലാശാല വി.സിയോടാണ് ചാൻസലർ കൂടിയായ ഗവര്‍ണര്‍ വിശദീകരണം തേടിയത്. പാട്ട് ഉൾപ്പെടുത്തിയതിന് എതിരായ പരാതി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് വി.സി ഡോ. പി. രവീന്ദ്രന് ഗവർണർ നിർദേശം നൽകിയിരിക്കുന്നത്.

ബി.ജെ.പി അനുകൂല സിൻഡിക്കേറ്റ് അംഗം എ.കെ. അനുരാഗിന്റെ പരാതിയിന്മേലാണ് നടപടി. വേടന്റെ പാട്ട് സിലബസിൽ നിന്ന് പിൻവലിക്കണം എന്നായിരുന്നു എ.കെ. അനുരാഗിന്റെ ആവശ്യം. വേടന്‍ ലഹരിവസ്തുക്കളും, പുലിപ്പല്ലും കൈവശം വെച്ചതിന് അറസ്റ്റിലായ വ്യക്തിയാണെന്നും വേടന്റെ പല വീഡിയോകളും മദ്യം നിറച്ച ഗ്ലാസുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടതാണെന്നും പരാതിയിൽ പറയുന്നു.

വേടന്റെ രചന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത് അദ്ദേഹം ജീവിതത്തില്‍ പിന്തുടരുന്ന അനുകരണീയമല്ലാത്ത വഴികള്‍ പകര്‍ത്താന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുമെന്നും അനുരാജിന്റെ പരാതിയില്‍ പറയുന്നുണ്ട്. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന താൻ വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടനെന്നും പരാതിയിലുണ്ട്.

വേടന്റെ രചനകൾക്ക് പകരം മറ്റേതെങ്കിലും എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ രചനകൾ പാഠഭാഗമാക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

ബി.എ മലയാളം നാലാം സെമസ്റ്ററിലായിരുന്നു പാട്ട് ഉള്‍പ്പെടുത്തിയത്. വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ടാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്.

മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ (They Dont Care About Us) എന്ന പാട്ടും വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് പാഠഭാ​ഗത്തിലുള്ളത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള പഠനമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം.

തൊണ്ണൂറുകളില്‍ ഇറങ്ങിയ ഹിറ്റ് പാട്ടാണ് മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’. യുദ്ധം കൊണ്ടുണ്ടാവുന്ന പ്രശ്‌നവും പലായനവുമാണ് വേടന്റെ പാട്ടിന്റെ വിഷയം. രണ്ട് വീഡിയോ ലിങ്കുകളായിട്ടാണ് ഇവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Content Highlight: Governor seeks explanation for inclusion of hunter’s song in Calicut University syllabus

We use cookies to give you the best possible experience. Learn more