| Friday, 20th June 2025, 1:47 pm

ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തും: വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രവുമായി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കാന്‍ പാഠപുസ്തകം പരിഷ്‌ക്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഗവര്‍ണറുടെ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

ഈ വര്‍ഷം പത്താം ക്ലാസ്സ് സാമൂഹ്യശാസ്ത്രം രണ്ടാം വാല്യത്തിലും ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്ന വേളയിലും ഈ വിഷയം ഉള്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.

ഇത്തരമൊരു കാലഘട്ടത്തില്‍ ഗവര്‍ണര്‍മാരുടെ അധികാരത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ ബോധവാന്മാരാകേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

അത് ജീവിതത്തില്‍ പകര്‍ത്താന്‍ ആവശ്യമായ പിന്തുണയും സ്‌കൂള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മുന്‍ഗണന നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ഗവര്‍ണര്‍മാരുടെ ഭരണഘടനാപരമായ അധികാരങ്ങളെ കുറിച്ച് സുപ്രീം കോടതി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പഠിക്കേണ്ട യഥാര്‍ത്ഥ ഇടങ്ങള്‍ വിദ്യാലയങ്ങള്‍ ആയതുകൊണ്ട് തന്നെ ഗവര്‍ണര്‍മാരുടെ ഭരണഘടനാ അധികാരങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി പരിഷ്‌കരിക്കുന്ന പാഠപുസ്തകങ്ങളില്‍ ഈ കാര്യം പ്രത്യേകം തന്നെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Content Highlight: Governor’s constitutional powers to be included in textbook; V. Sivankutty

We use cookies to give you the best possible experience. Learn more