| Monday, 8th June 2026, 11:52 am

കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും, ഒരു വിവേചനവുമില്ലാതെ സ്ത്രീകള്‍ക്ക് സൗജ്യന്യയാത്ര: ഗതാഗതമന്ത്രി സി.പി. ജോണ്‍

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.ക്ക് ഉണ്ടാകുന്ന പുതിയ സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ സബ്സിഡിയായി നല്‍കി പൂര്‍ണമായും ഏറ്റെടുക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍.

കെ.എസ്.ആര്‍.ടി.സി.യുടെ നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത്, ഉചിതമായ തീരുമാനം ഏതായാലും അതിന് ആവശ്യമായ തുക ഗവണ്‍മെന്റ് പ്രത്യേക സഹായമായി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയില്‍ യാതൊരുവിധ വിവേചനവും ഉണ്ടാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെയും, എ.പി.എല്‍-ബി.പി.എല്‍ തരംതിരിവുകളില്ലാതെയും എല്ലാ സ്ത്രീകള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും.

ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ പദ്ധതി പ്രയോജനപ്പെടുത്താം. ഇതിനൊപ്പം തന്നെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെയും പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഈ മാസം 15ാം തീയതി മുതല്‍ പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. പദ്ധതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പത്താം തീയതി നടക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ഉണ്ടാകും.

ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകളെ കുറിച്ചും മന്ത്രി ചൂണ്ടിക്കാട്ടി.

ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതെങ്കില്‍ ഏതാണ്ട് 712 കോടി രൂപയുടെ അധിക ബാധ്യത വരും. എന്നാല്‍ എല്ലാ വിഭാഗം ബസുകളിലും സൗജന്യ യാത്ര അനുവദിക്കുകയാണെങ്കില്‍ ബാധ്യത 1300 കോടി രൂപയോളം ഉയരും

നിലവില്‍ ശമ്പളത്തിനും പെന്‍ഷനുമായി സര്‍ക്കാര്‍ പ്രതിമാസം 125 കോടി രൂപ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുന്നുണ്ട്.

ടിക്കറ്റ് വരുമാനത്തില്‍ നിന്നോ ഇതര വരുമാനത്തില്‍ നിന്നോ ഈ അധിക ബാധ്യത വഹിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയില്ല. അതിനാല്‍ ഇത് സര്‍ക്കാരിന്റെ പ്രത്യേക സഹായമായി നല്‍കി പദ്ധതി സബ്സിഡൈസ് ചെയ്യും.

ജീവനക്കാരുടെ ആശങ്ക പരിഹരിക്കും പദ്ധതി നടപ്പിലാക്കുന്നത് വഴി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് മന്ത്രി പറഞ്ഞു.

ധനകാര്യ സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി എം.ഡിയും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇതിനായി കൃത്യമായ സാമ്പത്തിക മോഡല്‍ തയ്യാറാക്കുന്നുണ്ട്. സൗജന്യ യാത്ര തുടങ്ങുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അത് നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാഹനങ്ങളുടെ മോഡിഫിക്കേഷനെ സംബന്ധിച്ച യുവാക്കളുടെ പരാതികളെക്കുറിച്ചുള്ള ചോദ്യത്തിന്, 15-ാം തീയതിക്ക് ശേഷം ഇക്കാര്യത്തില്‍ ആലോചനകള്‍ നടത്താമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Content Highlight: Government will assume financial responsibility of KSRTC: Transport Minister CP John

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more