| Saturday, 27th December 2025, 1:57 pm

എസ്.ഐ.ആറില്‍ ഒഴിവാക്കിയ വോട്ടര്‍മാരെ കണ്ടെത്താന്‍ സര്‍ക്കാര്‍; വില്ലേജ് ഓഫീസുകളില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങും

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: എസ്.ഐ.ആര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയവരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍. 18 വയസ് പൂര്‍ത്തിയായ എല്ലാവരുടെയും വോട്ട് ഉൾപ്പെടുത്തണമെന്നാണ് നിര്‍ദേശം.

ഇതിനായി സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും ഹെല്‍പ് ഡെസ്‌ക് രൂപികരിക്കും. വോട്ടര്‍മാരെ കണ്ടെത്താന്‍ അങ്കണവാടി ജീവനക്കാരുടെയും ആശാ പ്രവത്തകരുടെയും സഹായം തേടും.

ജില്ലാ കലക്ടർമാർക്കാണ് ഇതിന്റെ ഏകോപന ചുമതല. അതേസമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ കക്ഷികളുടെ യോഗം അവസാനിച്ചു.

എസ്.ഐ.ആര്‍ കരട് പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ ജനുവരി 22 വരെ അറിയിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

എസ്.ഐ.ആര്‍ കരട് പട്ടികയില്‍ നിന്നും സംസ്ഥാനത്തെ 24 ലക്ഷം ആളുകളെയാണ് ഒഴിവാക്കിയത്. 2,54,42,352 വോട്ടര്‍മാരാണ് പട്ടികയില്‍ ആകെയുള്ളത്.

അകെ 2,78,50,856 വോട്ടര്‍മാര്‍ ആയിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇതില്‍ 91.35 ശതമാനം എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ ലഭിച്ചു. എന്നാല്‍ 8.6 ശതമാനം, അതായത് 24,80,503 ഫോമുകള്‍ ഇനിയും തിരികെ ലഭിക്കാനുണ്ട്.

പട്ടികയില്‍ നിന്നും ഒഴിവാക്കിയവരില്‍ മരിച്ചവരുടെ എണ്ണം 6,49,885ഉം കണ്ടെത്താനാകാത്തവര്‍ 64,55,48ഉം സ്ഥലം മാറിയവര്‍ 8,21,622 പേരുമാണ്. 1.36 ലക്ഷം പേര് രണ്ടിടത്ത് വോട്ടുള്ളവര്‍ ആയിരുന്നു.

പുതുതായി വോട്ട് ചേര്‍ക്കാനുള്ളവരും പ്രവാസികളും ഫോം-6എ പൂരിപ്പിച്ച് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സമയമുണ്ടെങ്കില്‍ വാര്‍ഡ് മെമ്പര്‍മാരുമായോ രാഷ്ട്രീയ പാര്‍ട്ടികളുമായോ ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പരിശോധിക്കാം.

Content Highlight: Kerala Government to start help desks in village offices to find voters excluded from SIR

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more