| Thursday, 6th November 2025, 11:06 am

എസ്.ഐ.ആറിനെതിരെ സുപ്രീം കോടതിയിലേക്ക്; സര്‍ക്കാര്‍ നിയമോപദേശം തേടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്ന സര്‍ക്കാര്‍ നിയമോപദേശം തേടും.

സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് നിയമോപദേശം തേടുന്നത്. അതേസമയം, വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചാല്‍ കേസില്‍ കക്ഷിചേരുമെന്ന് പ്രതിപക്ഷം നിലപാടെടുത്തു.

കഴിഞ്ഞദിവസം, ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചത്.

എസ്.ഐ.ആറിനെതിരായ നിലപാടിനെ ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്.ഐ.ആര്‍ സംസ്ഥാനത്ത് നടപ്പിലാക്കേണ്ടെന്നാണ് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുത്തത്. ഇതിനെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ എതിര്‍ത്തു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

2002 ലെ തെരഞ്ഞെടുപ്പ് പട്ടിക ആധാരമാക്കി വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ നിരവധിയാണെന്നും എസ്.ഐ.ആര്‍ പ്രത്യേക ഉദ്ദേശത്തോടെ നടപ്പാക്കുന്നതാണെന്നുമുള്ള ആശങ്ക രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കുവെച്ചു.

ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഇതെന്ന് സി.പി.ഐ.എം നിലപാടെടുത്തെന്നും യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചിരുന്നു.

നേരത്തെ, മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലും എസ്.ഐ.ആര്‍ ഉടനെ നടപ്പിലാക്കേണ്ടെന്ന ആവശ്യമാണ് ഉയര്‍ന്നിരുന്നത്.

ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചിരുന്നു. എസ്.ഐ.ആര്‍ നടപ്പിലാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlight: Government to seek legal advice against SIR in Supreme Court

We use cookies to give you the best possible experience. Learn more