| Saturday, 28th June 2025, 2:42 pm

'ഇന്ത്യ മത റിപ്പബ്ലിക്കല്ല, ജനാധിപത്യ റിപ്പബ്ലിക്കാണ്'; സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണം: ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സൂംബ വിവാദത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ. സര്‍ക്കാര്‍ സൂംബയുമായി മുന്നോട്ട് പോകണമെന്ന് ഡി.വൈഎഫ്.ഐ ആവശ്യപ്പെട്ടു. ഇന്ത്യ മത റിപ്പബ്ലിക്കല്ലെന്നും ജനാധിപത്യ റിപ്പബ്ലിക്കാണെന്നും ഡി.വൈ.എഫ്.ഐ ഔദ്യോഗികമായി പ്രതികരിച്ചു.

സൂംബ വിഷയത്തില്‍ ക്യാമ്പസുകളില്‍ ഇടപെടുന്ന ഒരു വിദ്യാര്‍ത്ഥി സംഘടനായ എം.എസ്.എഫിന്റെ നിലപാട് മോശമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി. വസീഫ് പറഞ്ഞു.

എം.എസ്.എഫിന്റെ ചില നേതൃത്വങ്ങള്‍ കെ.എം. ഷാജിക്ക് പഠിക്കുകയാണെന്നും ഒരു പൊതുനിലപാട് സ്വീകരിക്കുന്ന സമയത്ത് ‘ഇങ്ങനെ പാടില്ല, ഇങ്ങനെ തന്നെ വേണം’ എന്ന് വാശി പിടിക്കുന്നത് എന്തൊരു ഹീനമാണെന്നും വി. വസീഫ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.എസ്.എഫ് അത്രമാത്രം വര്‍ഗീയതയുള്ള സംഘടനയാണെന്ന് ഈ സമയം വരെ തങ്ങള്‍ക്ക് തോന്നിയിട്ടില്ലെന്നും എന്നാല്‍ സൂംബയുമായി ബന്ധപ്പെട്ടുള്ള ചില നേതാക്കളുടെ പ്രസ്താവനകള്‍ ആശങ്കാജനകമാണെന്നും വസീഫ് പറഞ്ഞു.

അല്‍പവസ്ത്രം എന്ന വിമര്‍ശനം ഒരു അല്‍പ്പത്തരമാണെന്നും ഇപ്പോള്‍ കേരളത്തിലുടനീളമുള്ള സ്‌കൂളുകളില്‍ നിന്ന് പുറത്തുവരുന്ന വീഡിയോകളില്‍ കുട്ടികള്‍ എത്ര സന്തോഷത്തോടെയാണ് ഈ മാറ്റത്തെ ഏറ്റെടുത്തതെന്ന് മനസിലാക്കാമെന്നും ഡി.വൈ.എഫ്.ഐ സെക്രട്ടറി വി.കെ. സനോജ് മാധ്യമങ്ങളോട് പ്രതികരിച്ചു. യൂണിഫോം ധരിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ സൂംബ ചെയ്യുന്നതെന്നും വി.കെ. സനോജ് പറഞ്ഞു.

നേരത്തെ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. വിദ്യാലയങ്ങളില്‍ സൂംബ നൃത്തം പഠിപ്പിക്കുമെന്ന സര്‍ക്കാര്‍ പദ്ധതിയില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിക്കുകയായിരുന്നു.

ഇത് ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കുന്ന കാലമാണെന്നും ആരോഗ്യസംരക്ഷണത്തിനുള്ള ഇത്തരം ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും സൂംബക്ക് യൂത്ത് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. സൂംബ നൃത്തത്തെ പിന്തുണച്ച് എസ്.എഫ്.ഐയും കെ.എസ്.യുവും രംഗത്തെത്തിയിരുന്നു.

സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുന്നതില്‍ വിവാദമുണ്ടാക്കുന്നവര്‍ക്ക് മാനസിക അല്പത്തരമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ചൂണ്ടിക്കാട്ടി. കേരളീയ പൊതുസമൂഹം ഇത്തരം അല്പത്തരങ്ങള്‍ തള്ളിക്കളയുമെന്നും എല്ലാ നൂറ്റാണ്ടിലും ഇത്തരം പിന്തിരിപ്പന്മാരുണ്ടാകുമെന്നും അതിനെയെല്ലാം പുരോഗമന സമൂഹം തള്ളിക്കളഞ്ഞിട്ടുണ്ടെന്നും എം. ശിവപ്രസാദ് വിമര്‍ശിച്ചിരുന്നു.

സദുദ്ദേശപരമായ നിര്‍ദേശമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും ആരെയും ഒന്നും അടിച്ചേല്‍പ്പിക്കുമെന്ന് തോന്നുന്നില്ലെന്നും കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ് പ്രതികരിച്ചു. നല്ല ആശയങ്ങളെ ഉള്‍ക്കൊള്ളണം എന്ന് തന്നെയാണ് പൊതുവെയുള്ള അഭിപ്രായം. മറിച്ച് ഒരു അഭിപ്രായമില്ല. വിഷയത്തില്‍ ആവശ്യമായ ചര്‍ച്ച നടത്തണമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞിരുന്നു.

Content Highlight: Government should move forward with Zumba: DYFI

We use cookies to give you the best possible experience. Learn more