ദുബായ്: പി.എം. ശ്രീയില്‍ തന്റെ മുന്‍ നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. തകര്‍ന്നിരിക്കുന്ന കേരളത്തിന് കേന്ദ്രത്തിന്റെ പണം ആവശ്യമാണെന്ന് തരൂര്‍ പറഞ്ഞു.
കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മോശം നിലയിലാണെന്നും തരൂര്‍ പറഞ്ഞു. കേരള ഡയലോഗ്‌സ് ദുബായില്‍ സംഘടിപ്പിച്ച റീഇമാജിനിങ് കേരള എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.
കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്ന് വെള്ളം ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. സ്‌കൂളുകളിലേക്ക് ബെഞ്ചും ഡെസ്‌ക്കും വാങ്ങാനോ അടിസ്ഥാന സൗകര്യമൊരുക്കാനോ പോലും പണമില്ല. എന്നിട്ടും ആശയങ്ങളില്‍ വെള്ളം ചേര്‍ക്കില്ലെന്നും പറഞ്ഞ് കേന്ദ്രത്തിന്റെ പണം നിരസിക്കുകയാണ്. ഇത് ഭ്രാന്ത് തന്നെയാണ്. ശരിക്കും ആ പണം നികുതി നല്‍കുന്ന ജനങ്ങളുടേതാണെന്നും തരൂര്‍ പറഞ്ഞു.
കേന്ദ്രത്തിന്റെ പണം വേണ്ടെന്ന് വെയ്ക്കുന്നത് എന്തിന്റെ പേരിലാണെങ്കിലും അത് ശരിയല്ലെന്നാണ് സംവാദത്തിലുടനീളം തരൂര്‍ നിലപാടെടുത്തത്.
കേരളത്തിന്റെ പ്രശ്‌നം അമിതമായ രാഷ്ട്രീയവത്കരണമാണ്. സകല മേഖലയിലും രാഷ്ട്രീയമാണ്. നിക്ഷേപകര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നും നിക്ഷേപകരുടെ അവകാശം സംരക്ഷിക്കാനും ഹര്‍ത്താലുകള്‍ തടയാനും നിയമങ്ങളുണ്ടാകണമെന്നും തരൂര്‍ പറഞ്ഞു.
ബിസിനസ് തുടങ്ങാന്‍ കേരളത്തില്‍ ശരാശരി 236 ദിവസങ്ങള്‍ വേണം. ഇതിനായുള്ള സര്‍ക്കാര്‍ നടപടികളില്‍ കൂടുതലും അനാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്തകാലത്തായി താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയാണെന്നും ബി.ജെ.പിയുമായി കൂടുതല്‍ അടുക്കുകയാണെന്നുമുള്ള വിമര്‍ശനങ്ങളോടും തരൂര്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയെ പരാമര്‍ശിച്ച പോസ്റ്റിന്റെ പേരില്‍ പോലും താന്‍ വിമര്‍ശിക്കപ്പെട്ടെന്ന് തരൂര്‍ പറഞ്ഞു.
ഏറെ വിമര്‍ശനങ്ങള്‍ കേട്ട ആ സോഷ്യല്‍മീഡിയ പോസ്റ്റില്‍ ഒരു വാക്ക് കൊണ്ട് പോലും പ്രധാനമന്ത്രിയെ പുകഴ്ത്തിയിരുന്നില്ല. എന്നിട്ടും വിമര്‍ശിക്കപ്പെട്ടു. അങ്ങനെ ഒരു അവസ്ഥയാണ് നമ്മളുടെ രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘ഭരിക്കുന്ന പാര്‍ട്ടിയെ ഞാന്‍ എതിര്‍ക്കുന്നു. പക്ഷെ അവര്‍ രാജ്യം ഭരിക്കുന്നവരാണ്. അവരോടൊപ്പമാണ് ഞാന്‍ ജോലി ചെയ്യുന്നത്. അവര്‍ ഒരു സ്‌കീമുമായി വന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് പണം തരാം, നിങ്ങള്‍ ഇക്കാര്യങ്ങളൊക്കെ ചെയ്യണമെന്ന് പറഞ്ഞാല്‍ താനക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
ഈയടുത്ത് കേരളത്തിലുണ്ടായതും സമാനമായ സംഭവമാണ്. എന്നാല്‍, സംഭവിച്ചത് നേര്‍വിപരീതമാണ്. കേരളം തകര്‍ന്നരിക്കുമ്പോഴും കേന്ദ്രത്തിന്റെ സ്‌കീം സംസ്ഥാനം തള്ളിക്കളഞ്ഞു. ആ പണം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍, പണം കേരളത്തിന് ആവശ്യമായിരുന്നു. യഥാര്‍ത്ഥത്തില്‍ ആ പണം നികുതി നല്‍കുന്ന ജനങ്ങളുടേതാണ്,’ തരൂര്‍ പറഞ്ഞു.
കേരളത്തിലെ ബി.ജെ.പിയുടെ ഭാവിയെ കുറിച്ചും തരൂര്‍ സംസാരിച്ചു. ബി.ജെ.പി വര്‍ഗീയതയില്‍ തന്നെ നിന്നാല്‍ കേരളത്തില്‍ രക്ഷയുണ്ടാകില്ല. കാരണം കേരളത്തിന്റെ സംസ്‌കാരവും ചരിത്രവും അതല്ല.
എല്ലാ സമുദായങ്ങള്‍ക്കൊപ്പവും ഒരുമിച്ച് വളര്‍ന്നവരാണ് നമ്മളെന്നും തരൂര്‍ വ്യക്തമാക്കി. കൂടാതെ, പുതിയ തലമുറ ചിഹ്നം നോക്കാതെ ചിന്തിച്ച് വോട്ട് ചെയ്താലാണ് കേരളത്തിന് വളര്‍ച്ചയുണ്ടാകൂവെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
മുമ്പ് പി.എം.ശ്രീയില്‍ സംസ്ഥാനം ചേരുന്നതിനെ ചൊല്ലി വിവാദങ്ങളുണ്ടായ സമയത്തും തരൂര്‍ കേന്ദ്ര ഫണ്ട് കേരളം വാങ്ങണമെന്ന നിലപാടെടുത്തിരുന്നു.
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ മേഖലയ്ക്ക് പണം ആവശ്യമാണെന്നും ഒരു ഒപ്പിന്റെ പേരില്‍ കേരളത്തോട് പറയുന്നതെല്ലാം അനുസരിക്കണമെന്ന് വാശി പിടിക്കാന്‍ കേന്ദ്രത്തിനാകില്ലെന്നും തരൂര്‍ പറഞ്ഞിരുന്നു. അന്നും നികുതിദായകരുടേതാണ് പണമെന്ന നിലപാടാണ് തരൂര്‍ സ്വീകരിച്ചത്.
Content Highlight: Government schools in Kerala are leaking; yet it is madness to say no to central funds: Shashi Tharoor