തിരുവനന്തപുരം: സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ യുവജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ.
ധവളപത്രത്തിലൂടെ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ നിര്‍ദേശം ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളോടുള്ള കടുത്ത വഞ്ചനയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവാക്കള്‍ പി.എസ്.സി പരീക്ഷകള്‍ എഴുതി, റാങ്ക് ലിസ്റ്റുകളില്‍ ഇടംപിടിച്ച് ജോലി പ്രവേശനത്തിനായി കാത്തിരിക്കുന്ന ഒരു സംസ്ഥാനമാണിത്. അധികാരത്തില്‍ എത്തുന്നതിനായി ചെറുപ്പക്കാര്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കുകയും, ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടത്തിയ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തവരാണ് യു.ഡി.എഫെന്ന് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.
‘രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടത്തുകയും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ റെക്കോഡ് തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്ത എല്‍.ഡി.എഫ് സര്‍ക്കാര്‍ എപ്പോഴും യുവജനപക്ഷത്തുനിന്നുള്ള നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ യു.ഡി.എഫ് അധികാരത്തില്‍ വന്ന കാലങ്ങളിലെല്ലാം പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിന്റെയും നിയമന നിരോധനം ഏര്‍പ്പെടുത്തിയതിന്റെയും കയ്‌പേറിയ അനുഭവങ്ങളാണ് കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നിലുള്ളതെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.
ചെറുപ്പക്കാരുടെ തൊഴിലെന്ന സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തകര്‍ത്തുകൊണ്ട് മുന്നോട്ടുപോകാമെന്ന് സര്‍ക്കാര്‍ വ്യാമോഹിക്കേണ്ടതില്ലെന്നും ഡി.വൈ.എഫ്.ഐ മുന്നറിയിപ്പ് നല്‍കി.
യുവാക്കളെ ദ്രോഹിക്കുന്ന ഇത്തരം ജനവിരുദ്ധ നയങ്ങള്‍ തിരുത്താന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാകണം. അല്ലാത്തപക്ഷം സംസ്ഥാനവ്യാപകമായി അതിശക്തമായ യുവജനപ്രക്ഷോഭങ്ങള്‍ക്ക് ഡി.വൈ.എഫ്.ഐ നേതൃത്വം നല്‍കുമെന്നും സംഘടന വ്യക്തമാക്കി.
ഡി.വൈ.എഫ്.ഐയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം
പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള യു.ഡി.എഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ യുവജനപ്രക്ഷോഭം ഉയര്‍ത്തുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
ധവള പത്രത്തിലൂടെ മുന്നോട്ടുവച്ച പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ നിര്‍ദേശം യുവജന വഞ്ചനയാണ്. ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ പി.എസ്.സി പരീക്ഷയെഴുതി ലിസ്റ്റില്‍ ഇടം പിടിച്ച് ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന നാടാണ് നമ്മുടേത്. അധികാരത്തില്‍ വരാന്‍ വേണ്ടി ചെറുപ്പക്കാര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും, ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടത്തിയ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തവരാണ് യു.ഡി.എഫ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടത്തുകയും പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്ത എല്‍.ഡി.എഫ് സര്‍ക്കാര്‍ യുവജനപക്ഷം ചേര്‍ന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാല്‍ യു.ഡി.എഫിന് അധികാരം കിട്ടിയ കാലത്ത് എല്ലാം പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിന്റെയും നിയമന നിരോധനം നടപ്പിലാക്കിയതിന്റെയും അനുഭവങ്ങളും മുന്നിലുണ്ട്.
യുവജനങ്ങളുടെ തൊഴില്‍ എന്ന സ്വപ്നം തകര്‍ത്തുകൊണ്ട് ഭരിക്കാമെന്ന് വ്യാമോഹം വേണ്ട.
ഇത്തരം നയം ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായ യുവജനപ്രക്ഷോഭത്തിന് ഡി.വൈ.എഫ്.ഐ തയ്യാറാകും.
Content Highlight: Government’s move to raise retirement age is a betrayal of youth; DYFI