| Wednesday, 15th October 2025, 12:50 pm

സ്‌കൂളില്‍ സംഘര്‍ഷമുണ്ടാകാന്‍ പാടില്ലെന്നത് സര്‍ക്കാര്‍ നയം; സ്‌കൂളിന്റെ നടപടി ചട്ടവിരുദ്ധം: മന്ത്രി വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ശിരോവസ്ത്ര വിവാദത്തില്‍ സ്‌കൂളിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂളിന്റെ നടപടി ചട്ടവിരുദ്ധമെന്ന് മന്ത്രി വിമര്‍ശിച്ചു.

എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് കൈവശമുണ്ടെന്നും വര്‍ഗീയത സൃഷ്ടിക്കാനാണ് ഈ വിവാദത്തിലൂടെ ശ്രമമെന്നും മന്ത്രി വിശദീകരിച്ചു.

സര്‍ക്കാര്‍ കുട്ടികളുടെ അവകാശം സംരക്ഷിക്കും. സ്‌കൂളിലെ ശിരോവസ്ത്ര വിവാദം സൗഹാര്‍ദപരമായി പരിഹരിച്ചെങ്കില്‍ അങ്ങനെയാകട്ടെയെന്നും സമവായം ഉണ്ടായെങ്കില്‍ നല്ലതാണെന്നും മന്ത്രി പറഞ്ഞു. ഭാവിയില്‍ ഇത്തരം വിഷയം ആവര്‍ത്തിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

സ്‌കൂളുകള്‍ വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളില്‍ സംഘര്‍ഷമുണ്ടാകാന്‍ പാടില്ലെന്നത് സര്‍ക്കാര്‍ നയം. നിയമങ്ങള്‍ ഏതെങ്കിലും വിഭാഗത്തിന് വേണ്ടി ഇളവുചെയ്തിട്ടില്ല.

യൂണിഫോം കളറും രീതിയും മാനേജ്‌മെന്റിന് തീരുമാനിക്കാമെന്നും മന്ത്രി നിര്‍ദേശിച്ചു. സ്‌കൂളിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ഫീസ് തിരികെ നല്‍കിയാല്‍ മറ്റൊരു സ്‌കൂളിലേക്ക് മാറാമെന്ന് വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് അറിയിച്ചു. നേരത്തെ, ഡി.ഡി.ഇയുടെ റിപ്പോര്‍ട്ട് സത്യവിരുദ്ധമാണെന്നും മന്ത്രി കാര്യങ്ങള്‍ പഠിക്കാതെയാണ് പ്രതികരിക്കുന്നതെന്നും സ്‌കൂളിന്റെ അഭിഭാഷക പ്രതികരിച്ചിരുന്നു. തുറന്നപോരിന് തയ്യാറെടുത്തായിരുന്നു സ്‌കൂളിന്റെ പ്രതികരണം.

വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസം നിഷേധിച്ചിട്ടില്ലെന്നും ഇപ്പോഴും കുട്ടി സ്‌കൂളിലെ വിദ്യാര്‍ത്ഥി തന്നെയാണെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതികരിച്ചു. സ്‌കൂളിന്റെ റൂള്‍സ് ആന്റ് റെഗുലേഷന്‍സ് എല്ലാവരും പാലിക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

മന്ത്രിയുടെ നോട്ടീസ് കാര്യങ്ങള്‍ പഠിക്കാതെയെന്നും എല്ലാ കുട്ടികള്‍ക്കും തുല്യനീതിയാണ് തങ്ങള്‍ വാദിക്കുന്നതെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. വിവാദത്തില്‍ കോടതിയെ സമീപിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.

Content Highlight: Government policy says there should be no conflict in schools; Minister V. Sivankutty

We use cookies to give you the best possible experience. Learn more