| Wednesday, 11th February 2026, 11:59 am

മതപഠനസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ അനുമതി വേണം: ഹൈക്കോടതി

ഐറിന്‍ മരിയ ആന്റണി

കൊച്ചി: മതപഠനം നടത്തുന്ന വിദ്യാലയങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കാനാകില്ലെന്ന് ഹൈക്കോടതി. തൃശൂര്‍ പുന്നയൂര്‍ വടക്കേകാട് പ്രവര്‍ത്തിക്കുന്ന മഅദിന്‍ നോളജ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളിന്റെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെടുന്ന ഹരജിയിലാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്.

അംഗീകാരമില്ലാതെ 300 ഓളം കുട്ടികളുള്ള പ്രീ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഇസ്ലാമിക വിഷയങ്ങള്‍ പഠിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികളായ മൊയ്തീന്‍കുട്ടി, ബാപ്പു എന്നിവര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സ്‌കൂളുകളില്‍ അനുമതിയില്ലാതെ മതപഠനം പാടില്ലെന്ന് ഹിദായ എജ്യൂക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് കേസില്‍ ഉത്തരവുള്ളതായും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം ഇത് ഖുറാനും അനുബന്ധ വിഷയങ്ങളും പഠിപ്പിക്കുന്ന പ്രീ സ്‌കൂളാണെന്നും സ്‌കൂളിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ അക്രഡിറ്റേഷനുണ്ടെന്നുമാണ് മാനേജ്‌മെന്റ് വാദിച്ചത്.

എന്നാല്‍ മതിയായ സര്‍ക്കാര്‍ അംഗീകാരമില്ലാതെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് അനുവദനീയമല്ലെന്ന് മുന്‍കാല ഉത്തരവുകളടക്കം ചൂണ്ടികാണിച്ച് കോടതി പറഞ്ഞു. സ്‌കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച സ്റ്റോപ്പ് മെമ്മോ ചോദ്യം ചെയ്ത് മാനേജ്മെന്റ് നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു.

സര്‍ക്കാര്‍ അംഗീകാരമില്ലാത്തതിനാല്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ഥികളുടെ അക്കാദമിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഈ അദ്ധ്യയന വര്‍ഷം വരെ സ്‌കൂളിന് പ്രവര്‍ത്തനം തുടരാനുള്ള അനുമതി കോടതി നല്‍കിയിട്ടുണ്ട്. ഈ സമയപരിധിക്കുള്ളില്‍ ടി.സി നല്‍കുന്നതടക്കമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശിച്ചു.

Content Highlight:  Government permission is required for the operation of religious educational institutions: High Court

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more