| Thursday, 27th February 2014, 7:48 am

ദയാഹരജി തീര്‍പ്പാക്കുന്നത് വരെ ഭുള്ളറിന്റെ വധശിക്ഷ നടപ്പാക്കില്ല: കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യുദല്‍ഹി: 1993ലെ ഡല്‍ഹി സ്‌ഫോടനക്കേസിലെ പ്രതി ഖലിസ്താന്‍ ഭീകരന്‍ ദേവീന്ദര്‍ സിങ് ഭുള്ളറിന് തീര്‍പ്പാക്കുന്നത് വരെ വധശിക്ഷ നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.

ഭുള്ളറുടെ ആരോഗ്യ സ്ഥിതി പരിഗണിച്ചുള്ള പുതിയ ദയാഹരജി തീര്‍പ്പാക്കുന്നത് വരെ വധശിക്ഷ നടപ്പാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിക്ക് ഉറപ്പുനല്‍കി. ഇതേതുടര്‍ന്ന് ദയാഹരജിയില്‍ പെട്ടെന്ന് നടപടിയെടുക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഭുള്ളറിന് വധശിക്ഷക്ക് പകരം ജീവപര്യന്തം ശിക്ഷ നല്‍കിയാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് പി. സദാശിവം, ജസ്റ്റിസുമാരായ ആര്‍.എം. ലോധ, എച്ച്.എല്‍ ദത്തു, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

2003 ല്‍ രാഷ്ട്രപതിക്ക് ബുള്ളര്‍ ദയാഹരജി നല്‍കിയിരുന്നെങ്കിലും 8 വര്‍ഷങ്ങള്‍ക്ക് ശേഷം 2011 ലാണ് ദയാഹരജി പരിഗണിക്കുന്നത്. അന്ന് രാഷ്ട്രപതി ബുള്ളറിന്റെ ദയാഹരജി തള്ളുകയും ചെയ്തിരുന്നു

2011 ല്‍ ബുള്ളര്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തന്റെ ദയാഹരജി പരിഗണിക്കുന്നതില്‍ അത്യധികമായ കാലതാമസമുണ്ടായതായി ഭുള്ളര്‍ ഹരജിയില്‍ പറഞ്ഞിരുന്നു.

കൂടാതെ തനിക്ക് സ്‌കിസോഫ്രീനിയ എന്ന മാനസികരോഗം അസുഖമുണ്ടെന്നും ഭുള്ളര്‍ കോടതിയെ അറിയിച്ചിരുന്നു.

ശിക്ഷ ജീവപര്യന്തമാക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി വിധി പുനഃപരിശോധിക്കാന്‍ വധശിക്ഷ സ്‌റ്റേ ചെയ്തിരുന്നു. ഇതിനായി ഭുള്ളര്‍ നല്‍കിയ തിരുത്തല്‍ ഹരജിയിലാണ് ദല്‍ഹി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

1993ല്‍ ദല്‍ഹിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തിന്റെ പേരിലാണ് ഭുള്ളര്‍ക്ക് വധശിക്ഷ വിധിച്ചത്. സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

രാജീവ് വധക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വേണമെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതിനിടയിലാണ് ഭുള്ളറുടെ കാര്യത്തില്‍ മറിച്ചുള്ള നിലപാട് എടുത്തിരിക്കുന്നത്.

ദയാഹരജിയിലുള്ള ഓരോ ദിവസത്തെ താമസവും പ്രതിക്ക് പീഡനമാണെന്ന് ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഓര്‍മിപ്പിച്ചു. തീരുമാനമെടുക്കാന്‍  കേന്ദ്രത്തിന് രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ട്.  മാര്‍ച്ച് 10ന് ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.

We use cookies to give you the best possible experience. Learn more