ഭുവനേശ്വര്‍: ഒഡീഷയില്‍ ബി.ജെ.പി നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ആള്‍ക്കൂട്ട മര്‍ദനം. ഒരു സംഘം ആളുകള്‍ ഓഫീസിലേക്ക് അതിക്രമിച്ചെത്തി ബി.എം.സി അഡീഷണല്‍ കമ്മീഷണര്‍ രത്നാകര്‍ സാഹുവിനെ ആക്രമിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
രത്നാകര്‍ സാഹുവിനെ ചേമ്പറില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴക്കുന്നതിന്റെയും ചവിട്ടുന്നതിന്റെയും അടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭുവനേശ്വറിലാണ് സംഭവം നടന്നത്. പരാതി പരിഹാര യോഗത്തിനിടെയാണ് അതിക്രമം നടന്നത്.
സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി നേതാക്കളായ ജീവന്‍ റൗട്ട്, രശ്മി മൊഹപത്ര, ദേബാഷിസ് പ്രധാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഉദ്യോഗസ്ഥനെ ആക്രമിച്ച സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബി.എന്‍.എസ് സെക്ഷന്‍ 109 (കൊലപാതകശ്രമം) പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇരട്ട നഗര പൊലീസ് കമ്മീഷണര്‍ എസ്. ദേവ്ദത്ത സിങ് പറഞ്ഞു.
മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭുവനേശ്വര്‍-നോര്‍ത്തില്‍ നിന്ന് മത്സരിച്ച ബി.ജെ.പി അംഗം ജഗന്നാഥ് പ്രധാനുമായി സംസാരിച്ചോ എന്ന് ചോദിച്ചുകൊണ്ടാണ് അക്രമികള്‍ രത്‌നകാര്‍ സാഹുവിനെ മര്‍ദിച്ചത്.
സംസാരിച്ചുവെന്ന് മറുപടി നല്‍കിയതോടെ കോളറില്‍ പിടിച്ച് തറയിലൂടെ വലിച്ചിഴക്കുകയായിരുന്നുവെന്ന് സാഹു പരാതിയില്‍ പറയുന്നു. സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അക്രമികളെ തടയാന്‍ കഴിഞ്ഞില്ലെന്നും മേയര്‍ സുലോചന ദാസും മുന്‍ ഡെപ്യൂട്ടി മേയര്‍ ഭാരതി സിങ്ങും സാഹുവിനെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് മേയറുമായും അക്രമികള്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമികള്‍ സാഹുവിന്റെ മുഖത്ത് തുടര്‍ച്ചയായി ചിവിട്ടിയെന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നും മേയര്‍ സുലോചന ദാസ് പറഞ്ഞു.
സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി മുന്‍ മുഖ്യമന്ത്രിയും ബി.ജെ.ഡി മേധാവിയുമായ നവീന്‍ പട്നായിക് രംഗത്തെത്തി. അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ പട്ടാപകല്‍ ഓഫീസില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ചു എന്നത് ഭയാനകമെന്ന് നവീന്‍ പട്നായിക് എക്സില്‍ കുറിച്ചു.
ആക്രമണത്തിനെതിരെ മേയറുടെ നേതൃത്വത്തില്‍ ബി.ജെ.ഡി കോര്‍പ്പറേറ്റര്‍മാര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.
Content Highlight: Government official beaten up by mob for allegedly insulting BJP leader in odisha