തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം ഒപ്പുവെച്ച പി.എം ശ്രീ പദ്ധതിയെ ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം രൂക്ഷമാകുന്നു. പി.എം ശ്രീയില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ മന്ത്രിസഭാ യോഗത്തില്‍ നിന്നടക്കം വിട്ടുനില്‍ക്കുന്നത് സംബന്ധിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ പിന്മാറുന്നത് വരെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിലപാട് സി.പി.ഐ അംഗങ്ങള്‍ സ്വീകരിച്ചെന്നും സൂചനയുണ്ട്. അന്തിമ തീരുമാനമെടുക്കുക സി.പി.ഐ.എമ്മിന്റെ നിലപാട് അറിഞ്ഞതിനു ശേഷമായിരിക്കും. സി.പി.ഐയുമായി ഉഭയകക്ഷി ചര്‍ച്ചയ്ക്ക് സി.പി.ഐ.എം തയ്യാറാകും.
നേരത്തെ സര്‍ക്കാര്‍ പി.എം ശ്രീയില്‍ നിന്നും പിന്മാറിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. സി.പി.ഐ, ആര്‍.ജെ.ഡി തുടങ്ങിയ സഖ്യകക്ഷികളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പ് സര്‍ക്കാരിനെ നിലപാട് മാറ്റത്തിലേക്ക് നയിച്ചേക്കാനാണ് സാധ്യത.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണിയിലെ അഭിപ്രായ വ്യത്യാസം തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. അതേസമയം, സി.പി.ഐ മുന്നണിയിലെ പ്രധാനപാര്‍ട്ടിയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പ്രതികരിച്ചു. സി.പി.ഐയെ കേള്‍ക്കാതെ മുന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇന്നു ചേര്‍ന്ന സി.പി.ഐ സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായി ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ വെച്ച് സംസ്ഥാനധ്യക്ഷന്‍ ബിനോയ് വിശ്വം സി.പി.ഐ.എമ്മിന്റെ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. മുന്നണി മര്യാദ ലംഘിച്ചെന്നും ഇടതുമുന്നണിയുടെ വഴി ഇതല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പി.എം ശ്രീ വിഷയത്തില്‍ ഏകപക്ഷീയമായാണ് സി.പി.ഐ.എം തീരുമാനമെടുത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനും കുറ്റപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ രംഗത്ത് ആര്‍.എസ്.എസ് നടപ്പാക്കുദ്ദേശിക്കുന്ന അജണ്ട സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നു. സി.പി.ഐ.എമ്മിന് സി.പി.ഐയേക്കാള്‍ വലുതാണ് ബി.ജെ.പിയെന്ന് സതീശന്‍ വിമര്‍ശിച്ചു.
സി.പി.ഐയുടെ എതിര്‍പ്പ് വകവെയ്ക്കാതെ സംസ്ഥാന സര്‍ക്കാര്‍ പി.എം ശ്രീയില്‍ ഒപ്പുവെച്ചു. സി.പി.ഐയുടെ അഭിപ്രായം കാറ്റില്‍ പറത്തിയാണ് ഈ തീരുമാനം. അപമാനം സഹിച്ച് മുന്നണിയില്‍ തുടരണോ എന്ന് സി.പി.ഐ തീരുമാനിക്കണം. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ എതിര്‍പ്പ് വകവെയ്ക്കാതെയാണ് കേരളത്തിലെ നേതൃത്വം പി.എം ശ്രീക്ക് അനുകൂലമായ നിലപാടെടുത്തതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ഇതിനിടെ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമും സി.പി.ഐയെ യു.ഡി.എഫ് മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമ്മതിച്ചാല്‍ ചര്‍ച്ചയ്ക്ക് താന്‍ തയ്യാറാണെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്.
Content Highlight: Government may withdraw from PM Shri; Final decision will take in CPI(M) Secretariat