| Saturday, 7th March 2026, 11:18 am

വേണ്ടി വന്നാല്‍ ഇടപെടും; കോര്‍പ്പറേഷന് മുകളിലാണ് സര്‍ക്കാര്‍: വി. ശിവന്‍കുട്ടി

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയെ തുടര്‍ന്നുണ്ടായ മാലിന്യ സംസ്‌കരണത്തില്‍ പ്രതികരിച്ച് മന്ത്രി വി. ശിവന്‍കുട്ടി. കോര്‍പ്പറേഷന് മുകളിലാണ് സര്‍ക്കാരെന്നും വേണ്ടി വന്നാല്‍ വിഷയത്തില്‍ ഇടപെടുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

മന്ത്രി തന്റെ സ്വന്തം വകുപ്പ് നോക്കിയാല്‍ മതിയെന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി.വി. രാജേഷിന്റെ പരാമര്‍ശത്തിനുള്ള മറുപടിയായിയാണ് വി. ശിവന്‍കുട്ടിയുടെ പ്രതികരണം. പൊങ്കാലയ്ക്ക് ശേഷം നഗരത്തിലുടനീളമുള്ള മാലിന്യം നീക്കം ചെയ്യുന്നതില്‍ കോര്‍പ്പറേഷന്‍ പരാജയപ്പെട്ടിരുന്നു.

തുടര്‍ന്ന് മാലിന്യം നീക്കം ചെയ്യാനുള്ള ഉത്തരവാദിത്തം കോര്‍പ്പറേഷനാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, വിഷയം പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍.ഡി.ഒയ്ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.

മാലിന്യം നീക്കം ചെയ്യാന്‍ സി.പി.ഐ.എം നേരിട്ടിറങ്ങുമെന്ന് ആക്റ്റിങ് ജില്ലാ സെക്രട്ടറി എ.എ. റഹീമും പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് കോര്‍പ്പറേഷന്‍ മേയര്‍ മന്ത്രിക്കെതിരെ രംഗത്തെത്തിയത്. മന്ത്രിയുടേത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്നും മേയര്‍ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്നും അതുനോക്കാനാണ് ഇവിടെയൊരു സര്‍ക്കാരുള്ളതെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

ഇതിനിടെ കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലം മാറ്റി. ഭരണസൗകര്യാര്‍ത്ഥമാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

പൊങ്കാല നടന്ന ദിവസം എട്ടരയോടെ നഗരം പൂര്‍ണമായും ശുചീകരിച്ചു എന്നായിരുന്നു മേയറുടെ വാദം. ഒറ്റരാത്രികൊണ്ട് നഗരം വൃത്തിയാക്കിയെന്നും 811 ടൺ മാലിന്യം നീക്കം ചെയ്തെന്നുമായിരുന്നു കോര്‍പ്പറേഷന്‍ വാദിച്ചിരുന്നത്.

എന്നാല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ പലയിടങ്ങളിലും പൊങ്കാലയുടെ മാലിന്യം കുന്നുകൂടി കിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ കോര്‍പ്പറേഷന്‍ വെട്ടിലായി.

വിവാദത്തെ തുടര്‍ന്ന് നഗരത്തിലെ മാലിന്യങ്ങള്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ നീക്കി തുടങ്ങിയിരുന്നു.

Content Highlight: Government is above the corporation, V. Sivankutty in Pongala controversies

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more