| Tuesday, 15th July 2025, 10:23 pm

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല താത്കാലിക വി.സി നിയമനം; പട്ടിക കൈമാറി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്കാലിക വി.സി നിയമനവുമായി ബന്ധപ്പെട്ട പട്ടിക രാജ്ഭവന് കൈമാറി സര്‍ക്കാര്‍. മൂന്നംഗ പാനലാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. സാങ്കേതിക സര്‍വകലാശാല താത്കാലിക വി.സി സ്ഥാനത്തേക്ക് ഡോ. ജയപ്രകാശ്, ഡോ. സജീബ്, ഡോ. പ്രവീണ്‍ എന്നിവരുടെ പേരുകളാണ് സര്‍ക്കാരിന്റെ പട്ടികയിലുള്ളത്.

മുമ്പ് ആരിഫ് മുഹമ്മദ് ഖാന്‍ ചാന്‍സലര്‍ ആയിരുന്ന സമയത്തും ഇത്തരത്തിലുള്ള ഒരു പട്ടിക സര്‍ക്കാര്‍ കൈമാറിയിരുന്നെങ്കിലും ഇതിന് പുറത്തുള്ള സിസ തോമസിനേയും കെ. ശിവപ്രസാദിനേയും ഗവര്‍ണര്‍ നിയമിക്കുകയായിരുന്നു. അന്ന് സര്‍ക്കാര്‍ കൊടുത്ത അതേ പാനലില്‍ ഉള്ളവരാണ് ഡോ. പ്രവീണും ഡോ. ജയപ്രകാശും.

താത്കാലിക വി.സി നിയമനം സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നാവണമെന്ന് ഹൈക്കോടതി വിധിക്കെതിരെ ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങിയതിന്‌ പിന്നാലെയാണ് സര്‍ക്കാര്‍ പാനല്‍ രാജ്ഭവന് കൈമാറിയത്. ആദ്യം വിധിക്കെതിരെ അപ്പീല്‍ പോകേണ്ട എന്ന നിലപാടിലായിരുന്നു ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക്‌. എന്നാല്‍ നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിക്കാം എന്ന തീരുമാനത്തില്‍ എത്തിയത്.

ഗവര്‍ണര്‍ നിയമിച്ച താത്കാലിക വി.സിമാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ ഡിജിറ്റല്‍ സര്‍വകലാശാല താത്കാലിക വി.സി ഡോ. കെ. ശിവപ്രസാദിനും സാങ്കേതിക സര്‍വകലാശാല താത്കാലിക വി.സി സിസ തോമസിനും അധികാരം നഷ്ടമായിരുന്നു. ഇരുവരുടേയും നിയമനങ്ങള്‍ റദ്ദാക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു.

താത്കാലിക വൈസ് ചാന്‍സലറെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ചാന്‍സലറായ ഗവര്‍ണര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷന്‍ ബെഞ്ച് ഗവര്‍ണറുടെ അപ്പീല്‍ തള്ളുകയാണുണ്ടായത്‌.

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല താത്കാലിക വി.സിമാര്‍ക്ക് പദവിയില്‍ തുടരാമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് അറിയിച്ചത്. ഇരുവര്‍ക്കും മെയ് 28 വരെ കാലാവധി ഉള്ളതിനാല്‍ അതുവരെ തുടരാമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഇരുവരുടേയും നിയമനം റദ്ദാക്കി. ഇതോടെയാണ് പുതിയ പട്ടികയുമായി സര്‍ക്കാര്‍ രാജ്ഭവനെ സഹായിച്ചത്.

Content Highlight: Government hands over list for appointment of temporary VC for Digital and Technological University

We use cookies to give you the best possible experience. Learn more