| Monday, 25th August 2025, 8:27 am

മാവോയിസ്റ്റ് രൂപേഷിന്റെ പുസ്തക പ്രസാധനത്തിന് അനുമതി നൽകുമെന്ന ഉറപ്പ് പാലിക്കാതെ സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: മാവോയിസ്റ്റ് രൂപേഷിന്റെ ‘ബന്ധിതരുടെ ഓർമക്കുറിപ്പുകൾ’ എന്ന പുസ്തകത്തിന് പ്രസിദ്ധീകരണ അനുമതി നൽകുമെന്ന ഉറപ്പ് പാലിക്കാതെ സർക്കാർ. മുഖ്യമന്ത്രിയും നിയമ വകുപ്പും അനുകൂല നിലപാടെടുത്തിട്ടും ജയിൽ വകുപ്പാണ് അനുമതി നിഷേധിക്കുന്നത്. ജയിൽ വകുപ്പിന്റെ എതിർപ്പ് വ്യക്തമാക്കുന്ന രേഖകൾ ന്യൂസ് മലയാളം പുറത്തുവിട്ടു.

പുസ്തകത്തിന്റെ പത്ത് ഭാഗങ്ങളിൽ മാറ്റം വരുത്തണമെന്നും യു.എ.പി.എ നിയമങ്ങളെ എതിർക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്നും വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. മറ്റൊരു എഴുത്തുകാരനെ കൊണ്ട് തിരുത്തി എഴുതിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ പുസ്തകം ഉടനടി പ്രസിദ്ധീകരിക്കണമെന്ന് രൂപേഷിന്റെ കുടുംബവും സാംസ്കാരിക പ്രവർത്തകരും ആവശ്യപ്പെട്ടു.

ജയിൽ വകുപ്പിന്റെ ആവശ്യങ്ങൾ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മുകളിലുള്ള കടന്നുകയറ്റമാണെന്ന് രൂപേഷിന്റെ പങ്കാളി ഷൈനി മാധ്യമങ്ങളോട് പറഞ്ഞു. ജയിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒഴിവാക്കണമെന്ന് ജയിൽ വകുപ്പ് പറയുന്നത് അനുയോജിക്കാൻ കഴിയാത്ത കാര്യമാണെന്നും എത്രയും പെട്ടന്ന് പുസ്തകം പ്രസിദ്ധീകരിക്കണമെന്നും ഷൈനി ആവശ്യപ്പെട്ടു.

മാവോയിസ്റ്റ് രൂപേഷ് നിരാഹാര സമരമിരുന്നതിനെ തുടർന്നാണ് പുസ്തകം പ്രസിദ്ധീകരിക്കാൻ അനുമതി ലഭിച്ചിരുന്നത്. പുസ്‌തകം പ്രസിദ്ധീകരിക്കാമെന്ന് മുഖ്യമന്ത്രി വീണ്ടും ഉറപ്പ് നൽകിയതിനെത്തുടർന്നാണ് രൂപേഷ് നിരാഹാരം അവസാനിപ്പിച്ചത്. ജയിൽ ഡി.ജി.പി വഴിയാണ് മുഖ്യമന്ത്രി ഇക്കാര്യം രൂപേഷിനെ അറിയിച്ചത്.

പ്രസിദ്ധീകരണാനുമതി ലഭിക്കാത്തതിനെ തുടർന്ന് ജയിലിൽ നിരാഹാരം കിടന്ന രൂപേഷിന്റെ ആരോഗ്യനില വഷളായതിന് പിന്നാലെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഈ വർഷം മെയ് മാസത്തിലായിരുന്നു രൂപേഷ് നിരാഹാരമിരുന്നത്. കവി സച്ചിദാനന്ദനെ പ്രമേയമാക്കി കൊണ്ടായിരുന്നു ‘ബന്ധിതരുടെ ഓർമക്കുറിപ്പുകൾ’ എന്ന അദ്ദേത്തിന്റെ നോവൽ.

മാവോയിസ്റ്റ് രൂപേഷിന്റെ ആദ്യ പുസ്തകമായ ‘വസന്തത്തിന്റെ പൂമരങ്ങൾ’ 2013 ൽ പ്രസിദ്ധീകരിച്ചിരുന്നു.

Content Highlight: Government fails to fulfill promise to grant permission for publication of Maoist Rupesh’s book

We use cookies to give you the best possible experience. Learn more