| Saturday, 20th September 2025, 12:09 pm

'ശബരിമലയിലെ വരുമാനത്തില്‍ നിന്ന് ഒരു രൂപ സര്‍ക്കാറെടുക്കുന്നില്ല'; അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രിയും പി.എസ്. പ്രശാന്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പന്തളം: ശബരിമലയിലെ വരുമാനത്തില്‍ നിന്ന് ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും.

എന്നാല്‍ ക്ഷേത്രങ്ങളുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് പണം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയ്യപ്പ സംഗമത്തില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ക്ക് അങ്ങേയറ്റം പ്രാധാന്യം നല്‍കി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ ഭക്തര്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി മാധ്യമങ്ങളെയും വിമര്‍ശിച്ചു.

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുക, ശബരിമലയുടെ സ്വീകാര്യത സാര്‍വത്രികമാക്കുക, പരിസ്ഥിതിക്ക് കോട്ടം തട്ടാതെ വികസനം നടപ്പിലാക്കുക എന്നിവയാണ് ആഗോള അയ്യപ്പ സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഗമത്തെ തടയാന്‍ ചിലര്‍ കോടതിയില്‍ പോയത് ഖേദകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ സഹായമില്ലാതെ തങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോയെന്ന് ചോദിച്ചുകൊണ്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സംസാരിച്ചത്.

ശബരിമലയില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ നിന്ന് ഒരു ചില്ലി കാശ് പോലും സര്‍ക്കാരിന്റെ ഖജനാവിലേക്ക് പോകില്ലെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു. പമ്പാ തീരത്ത് തുടരുന്ന ആഗോള അയ്യപ്പ അംഗമത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പരാമര്‍ശം.

അതേസമയം ശബരിമലയിലേക്കുള്ള റോഡ്, വൈദ്യുതി, ഇടത്താവളം തുടങ്ങി എല്ലാ സൗകര്യങ്ങളും സര്‍ക്കാരിന്റെ സഹായത്തോടെയാണ് തുടര്‍ന്ന് പോകുന്നതെന്നും പ്രശാന്ത് വ്യക്തമാക്കി.

ലോകത്തുടനീളമുള്ള അയ്യപ്പ ഭക്തരുടെ പ്രശ്‌നങ്ങള്‍ നയപരമായി കേള്‍ക്കുന്നതിനായാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു. അയ്യപ്പ സംഗമം നടത്താന്‍ തീരുമാനിച്ച കാലയളവിലാണ് സര്‍ക്കാര്‍ ‘ശബരിമല മാസ്റ്റര്‍ പ്ലാന്‍ 2026’ പാസാക്കിയതെന്നും പി.എസ്. പ്രശാന്ത് ചൂണ്ടിക്കാട്ടി.

ശബരിമല എന്നത് പ്രകൃതിസൗഹൃദമായ മേഖലയാണ്. അതുകൊണ്ട് തന്നെ പ്രകൃതിക്ക് ദോഷമുണ്ടാക്കുന്ന തരത്തിലുള്ള ഒരു നിര്‍മാണവും ഇവിടെ നടക്കാന്‍ പാടുള്ളതല്ല. എന്നാല്‍ ലോകത്ത് വ്യത്യസ്തമാര്‍ന്ന ഒരുപാട് മോഡലുകളുണ്ട്. ഇക്കാര്യങ്ങളെ കുറിച്ചെല്ലാം സംസാരിക്കാനുള്ള അവസരം അയ്യപ്പ സംഗമത്തിലുണ്ടെന്നും പി. പ്രശാന്ത് പറഞ്ഞു.

ഇതിനുപുറമെ ശബരിമലയിലെ മറ്റൊരു പ്രധാന പ്രശ്‌നം ജനത്തിരക്കാണ്. അതിനുള്ള പരിഹാരങ്ങളും അയ്യപ്പ സംഗമത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.

Content Highlight: ‘Government does not take a single rupee from Sabarimala revenue’; CM and P.S.Prashanth at Ayyappa Sangamam

We use cookies to give you the best possible experience. Learn more