| Thursday, 6th March 2025, 4:40 pm

ഉത്തര്‍പ്രദേശില്‍ വീടുകള്‍ പൊളിച്ചുമാറ്റി ഭരണകൂടം; സ്വന്തം ചെലവില്‍ പണിതുനല്‍കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പ്രയാഗ്‌രാജില്‍ വീടുകള്‍ പൊളിച്ചുമാറ്റിയതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. ഒരു അഭിഭാഷകന്റെയും പ്രൊഫസറുടെയും മറ്റ് മൂന്ന് പേരുടെയും വീടുകള്‍ പൊളിച്ചുമാറ്റിയതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചത്.

ജസ്റ്റിസ് അഭയ് എസ്. ഓക്ക, ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തില്‍ ശക്തമായ വിയോജിപ്പ് അറിയിച്ചത്. സംഭവം ഞെട്ടിപ്പിക്കുന്നതും തെറ്റായതുമായ സൂചനയാണ് നല്‍കുതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ആര്‍ട്ടിക്കിള്‍ 21 എന്നുപറയുന്ന ഒരു അവകാശമുണ്ടെന്നും വീടുകളോ സ്ഥാപനങ്ങളോ മറ്റോ പൊളിക്കുന്നതിന് മുമ്പ് പാലിക്കേണ്ട സമീപകാല വിധികളുണ്ടെന്നും ബെഞ്ച് ഓര്‍മ്മിപ്പിച്ചു.

പൊളിച്ചുമാറ്റിയ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ സംസ്ഥാനത്തോട് ഉത്തരവിടുമെന്നും സംസ്ഥാനത്തിന്റെ ചെലവില്‍ വീടുകള്‍ പുനര്‍നിര്‍മിച്ചുനല്‍കുക എന്നത് മാത്രമാണ് ഏക വഴിയെന്നും കോടതി വ്യക്തമാക്കി.

അലഹബാദ് ഹൈക്കോടതി നേരത്തെ പൊളിക്കലിനെതിരായ ഹര്‍ജി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അഭിഭാഷകനായ സുല്‍ഫിക്കര്‍ ഹൈദര്‍, പ്രൊഫസര്‍ അലി അഹമ്മദ്, രണ്ട് വിധവകള്‍, മറ്റൊരു വ്യക്തി എന്നിവര്‍ ചേര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചത്.

ശനിയാഴ്ച രാത്രിയില്‍ അധികാരികള്‍ പൊളിച്ചുമാറ്റല്‍ നോട്ടീസ് നല്‍കുകയും അടുത്ത ദിവസം അവരുടെ വീടുകള്‍ പൊളിച്ചുമാറ്റുകയും ചെയ്തതിനാല്‍ നടപടിയെ ചോദ്യം ചെയ്യാന്‍ അവര്‍ക്ക് അവസരം ലഭിച്ചില്ലെന്നും ഹരജിക്കാര്‍ ആരോപിച്ചു.

തങ്ങള്‍ ഭൂമിയുടെ നിയമാനുസൃത പാട്ടക്കാരാണെന്നും പാട്ടാവകാശം ഫ്രീഹോള്‍ഡ് സ്വത്താക്കി മാറ്റാന്‍ അപേക്ഷിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ നോട്ടീസുകള്‍ക്ക് മറുപടി നല്‍കാന്‍ ഹര്‍ജിക്കാര്‍ക്ക് മതിയായ സമയം ലഭിച്ചുവെന്നാണ് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണി പറയുന്നത്.

Content Highlight: Government demolishes houses in Uttar Pradesh; The Supreme Court ordered that the work be done at its own expense

We use cookies to give you the best possible experience. Learn more