| Thursday, 4th September 2025, 2:01 pm

വെള്ളാപ്പള്ളിക്കെതിരായ മൈക്രോഫിനാന്‍സ് കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് അഴിമതി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് സര്‍ക്കാര്‍. ഡി.ഐ.ജിയായ കാര്‍ത്തിക്കിന് അന്വേഷണ ചുമതല നല്‍കുമെന്നും സംസ്ഥാനതലത്തില്‍ വിശദമായി അന്വേഷണം നടത്താന്‍ ഇത് സഹായിക്കുമെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

എന്നാല്‍ പുതിയ അന്വേഷണ ഉദോഗസ്ഥനെ കേസ് ഏല്‍പ്പിക്കുമ്പോള്‍ സ്വാഭാവികമായും അന്വേഷണം കൂടുതല്‍ നീണ്ടുപോകുമെന്നും ആരോപണമുണ്ട്. കേസ് അന്വേഷിക്കുന്ന എസ്.പി. എസ്. ശശിധരനെ അന്വേഷണ ഉദ്യോഗസ്ഥനായി നിലനിര്‍ത്താമെന്ന് ഹൈക്കോടതിക്ക് നല്‍കിയ ഉറപ്പിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോയത്.

വിജിലന്‍സില്‍ നിന്ന് സ്ഥലം മാറി പോകുന്നുണ്ടെങ്കിലും ശശിധരന്‍ തന്നെ മൈക്രോഫിനാന്‍സ് കേസ് അന്വേഷിക്കും എന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പുനല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധക്കെട്ട് ഉത്തരവിറക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ആഭ്യന്തര സെക്രട്ടറി തന്നെ നേരിട്ട് ഹൈക്കോടതിയിലെത്തി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. നേരത്തെ എസ്.പി അന്വേഷിച്ചിരുന്ന കേസ് ഡി.ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്നാണ് ആഭ്യന്തര സെക്രട്ടറി നല്‍കിയിരിക്കുന്ന വിശദീകരണം.

മൈക്രോഫിനാന്‍സ് കേസില്‍ സര്‍ക്കാര്‍ ഫണ്ടിന്റെ ദുരുപയോഗമാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഒക്ടോബറില്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് പുതിയ അന്വേഷണ ഉദ്യേഗസ്ഥനെ നിയമിക്കണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

Content Highlight: Government demands transfer of investigating officer in microfinance scam case against Vellappally Natesan

We use cookies to give you the best possible experience. Learn more