| Thursday, 23rd October 2025, 10:07 pm

പി.എം ശ്രീയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടി വഞ്ചനാപരം, വിദ്യാര്‍ത്ഥി വിരുദ്ധം: എ.ഐ.എസ്.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഘടകക്ഷിയായ സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ്.

കേന്ദ്ര പദ്ധതിയില്‍ ഒപ്പിട്ട നടപടി തികഞ്ഞ വഞ്ചനയും വിദ്യാര്‍ത്ഥിവിരുദ്ധവും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എ.ഐ.എസ്.എഫ് എക്സിക്യൂട്ടിവ് പറഞ്ഞു.

സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തിനെതിരെ ഇടതുപക്ഷം അതിശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്നും എ.ഐ.എസ്.എഫ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

സി.പി.ഐയുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് പി.എം ശ്രീയില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരായ എ.ഐ.എസ്.എഫിന്റെ പരസ്യ പ്രതികരണം.

ഇടത് മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി കരുതേണ്ടെന്നും എ.ഐ.എസ്.എഫ് പ്രതികരിച്ചു. സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വഞ്ചനക്കെതിരെ കേരളത്തിന്റെ തെരുവുകളില്‍ കടുത്ത പ്രതിഷേധങ്ങള്‍ ഉയരുമെന്നും എ.ഐ.എസ്.എഫ് അറിയിച്ചു.

എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ബിബിന്‍ എബ്രഹാം, സെക്രട്ടറി എ. അധിന്‍ എന്നിവരാണ് സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി അറിയിച്ചിരിക്കുന്നത്.

പി.എം ശ്രീയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറും രംഗത്തെത്തി. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ആര്‍.എസ്.എസിന് വിറ്റ പിണറായി, താനും സവര്‍ക്കറും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന് അലോഷ്യസ് സേവ്യര്‍ ചോദിച്ചു.

പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട പിണറായി സര്‍ക്കാര്‍ ചെയ്തത് സവര്‍ക്കര്‍ ചെയ്തതിനേക്കാള്‍ വലിയ നെറികേടാണെന്നും കെ.എസ്.യു അധ്യക്ഷന്‍ വിമര്‍ശിച്ചു.

ഭാവിയില്‍ കേരളത്തിന്റെ കലാലയങ്ങളില്‍ വരും തലമുറ നാഥുറാം വിനായക് ഗോഡ്‌സെയെയും ഗോള്‍വാള്‍ക്കറെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനായകരായി പഠിക്കേണ്ടി വന്നാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദികള്‍ സി.പി.ഐ.എമ്മും പിണറായി-മോദി സര്‍ക്കാരായിരിക്കുമെന്നും അലോഷ്യസ് പറഞ്ഞു.

Content Highlight: Government action signed by PM Shri is fraudulent and anti-student: AISF

We use cookies to give you the best possible experience. Learn more