| Thursday, 6th November 2025, 9:35 pm

ഇതൊന്നും ജേര്‍ണലിസമല്ല, വെയ്റ്റ് എത്രയാണെന്ന് ചോദിച്ച യൂട്യൂബര്‍ക്ക് മറുപടിയുമായി ഗൗരി കിഷന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റില്‍ ബോഡിഷെയ്മിങ് ചെയ്ത യൂട്യൂബര്‍ക്ക് മറുപടി നല്കി ചിത്രത്തിലെ നായിക ഗൗരി കിഷന്‍. പ്രസ് മീറ്റിനിടെ നായകനോട് ഗൗരിയുടെ ഭാരത്തെക്കുറിച്ച് ചോദിച്ച ചോദ്യമാണ് നടിയെ പ്രകോപിപ്പിച്ചത്. ഇത് ബോഡിഷെയ്മിങ്ങാണെന്നും ഇത്തരം ചോദ്യങ്ങള്‍ എന്തിനാണ് ചോദിക്കുന്നതെന്നും താരം മാധ്യമപ്രവര്‍ത്തകനോട് ചോദ്യമുയര്‍ത്തി.

എന്നാല്‍ ഗൗരിയുടെ ചോദ്യങ്ങള്‍ക്ക് നിഷേധ രൂപത്തില്‍ മറുപടി നല്കുക മാത്രമല്ല, താരത്തോട് ആ മാധ്യമപ്രവര്‍ത്തകന്‍ കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. താന്‍ ചോദിച്ചതില്‍ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതാണെന്നും യൂട്യൂബര്‍ മറുപടി നല്കി. തന്റെ ചോദ്യത്തില്‍ എന്താണ് തെറ്റെന്ന് ഗൗരിയോട് ഇയാള്‍ ചോദിക്കുകയും ചെയ്തു.

ചിത്രത്തിലെ ഗാനരംഗത്തില്‍ നായകന്‍ ഗൗരിയെ എടുത്തുപൊക്കുന്ന രംഗമുണ്ട്. ഈ സീന്‍ ചെയ്തപ്പോള്‍ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് അയാള്‍ ചോദിച്ചത്. ഈ ചോദ്യമായിരുന്നു ഗൗരിയെ പ്രകോപിപ്പിച്ചത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ചോദ്യം എന്തിനാണ് ചോദിച്ചതെന്ന് ഗൗരി തിരിച്ച് ചോദിച്ചതോടെ യൂട്യൂബര്‍ ശബ്ദമുയര്‍ത്തി.

‘നിങ്ങളോടല്ല, ഈ പടത്തിലെ ഹീറോയോടാണ് ചോദിച്ചത്. അതില്‍ നിങ്ങള്‍ക്ക് എന്താണ് കുഴപ്പം’ എന്നായിരുന്നു ഇയാള്‍ തിരിച്ച് ചോദിച്ചത്. ‘എന്നെക്കുറിച്ചുള്ള ചോദ്യമായിരുന്നു അത്. എനിക്ക് നല്ല വെയ്റ്റ് ഉണ്ടായിരുന്നോ എന്ന് എന്തിനാണ് മറ്റൊരാളോട് നിങ്ങള്‍ ചോദിക്കുന്നത്? അഥവാ വെയ്റ്റ് ഉണ്ടെങ്കില്‍ തന്നെ അതില്‍ നിങ്ങള്‍ക്ക് എന്താണ് കുഴപ്പം. തമിഴ് സിനിമയില്‍ നായികമാരെല്ലാം മെലിഞ്ഞിരിക്കണമെന്ന് വല്ല നിയമവുമുണ്ടോ’ ഗൗരി ചോദിച്ചു.

എന്നാല്‍ താന്‍ ബോഡി ഷെയ്മിങ് ചെയ്തിട്ടില്ലെന്നും സാധാരണ ചോദിക്കുന്നതുപോലെ ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്‌തെന്നും അയാള്‍ മറുപടി നല്കി. പ്രസ് മീറ്റിലുണ്ടായിരുന്ന മറ്റ് മാധ്യമപ്രവര്‍ത്തകരും ഇയാളെ ന്യായീകരിക്കുകയായിരുന്നു. പിന്നാലെ ആ വേദിയില്‍ ഗൗരി കിഷന്‍ അസ്വസ്ഥയാകുന്നതും വീഡിയോയില്‍ കാണാനാകും.

ഇത്രയും നടന്നിട്ടും ഗൗരിയെ പിന്തുണക്കാതെ ആ പ്രസ് മീറ്റില്‍ പങ്കെടുത്ത സംവിധായകനും നായകനും നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സ്വന്തം സഹപ്രവര്‍ത്തകയെ സപ്പോര്‍ട്ട് ചെയ്യാത്ത നിങ്ങള്‍ കലാകാരനാണോ എന്നാണ് പലരും ചോദിക്കുന്നത്. ഒപ്പം ഇത്തരം ബോഡിഷെയ്മിങ് ചോദ്യങ്ങള്‍ക്കെതിരെ പ്രതികരിച്ച ഗൗരിയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തുന്നുണ്ട്.

Content Highlight: Gouri Kishan replied to Youtuber’s Bodyshaming question in Press meet

We use cookies to give you the best possible experience. Learn more