| Wednesday, 3rd September 2025, 6:41 pm

ചില ക്ലാസിക്കുകൾ അങ്ങനെത്തന്നെ ഇരിക്കണം; ആ സിനിമ അഭിനേത്രി എന്ന നിലയിൽ ചലഞ്ച് ആയിരുന്നു: ​ഗൗരി കിഷൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

96 എന്ന സിനിമയിലെ തൃഷയുടെ ചെറുപ്പ കാലം അവതരിപ്പിച്ചു കൊണ്ടാണ് ​ഗൗരി കിഷൻ സിനിമാരംഗത്തേക്ക് കടന്നുവന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു. അനുഗ്രഹീതൻ ആൻ്റണി എന്ന ചിത്രത്തിലൂടെയാണ് ഗൗരി മലയാള സിനിമാരംഗത്തേക്ക് വന്നത്.

പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ ഭാഗമായ നടിയുടെ അവസാന ചിത്രം സാഹസമാണ്. ഇപ്പോൾ 96 നെക്കുറിച്ച് സംസാരിക്കുകയാണ് നടി.

’96 ന്റെ തെലുങ്ക് റീമേക്കിന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ പ്രേം സാറിനോട് ചോദിച്ചു അത് വേണോ എന്ന്. എല്ലാവരും അത് കണ്ടുകഴിഞ്ഞു. തെലുങ്കിലേക്ക് ചെയ്യുമ്പോൾ അത് റിക്രിയേറ്റ് ചെയ്യുന്ന ഒരു പ്രഷറുണ്ടാകും.

ചില ക്ലാസിക്കുകൾ അങ്ങനെ തന്നെ ഇരിക്കണം എന്നായിരുന്നു എനിക്ക്. അത് കളയേണ്ട എന്നൊരു വിചാരം എനിക്കുണ്ടായിരുന്നു. എനിക്ക് തോന്നുന്നത് ഒരു അഭിനേതാവ് എന്ന നിലയിൽ ഒരു ചലഞ്ച് ആയിരുന്നു ആ സിനിമ,’ ഗൗരി കിഷൻ പറയുന്നു.

തനിക്ക് 96 സിനിമയിൽ പനി വരുന്ന ഒരു സീനുണ്ടെന്നും അതിൽ താൻ പുറകിലേക്ക് നോക്കുന്ന ഒരു ഷോട്ടുണ്ടായിരുന്നെന്നും ഗൗരി പറയുന്നു. ആ സീൻ എങ്ങനെയാണ് ചെയ്തതെന്ന് തനിക്ക് ഇപ്പോഴറിയില്ലെന്നും ആ സീൻ ഇപ്പോൾ ചെയ്താൽ അത് പാളിപ്പോകുമെന്നും നടി കൂട്ടിച്ചേർത്തു.

തെലുങ്കിൽ ചെയ്തത് തന്നെ സംബന്ധിച്ച് ചലഞ്ചായിരുന്നെന്നും തമിഴിൽ അത് വർക്കായി പോയതാണെന്നും എന്നാൽ തനിക്കറിയാത്ത ഭാഷയിൽ ചെയ്യാൻ പറഞ്ഞപ്പോൾ അത് പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിച്ചില്ലെന്നും ഗൗരി കൂട്ടിച്ചേർത്തു.

തെലുങ്കിൽ അഭിനയിച്ചത് നല്ല എക്‌സ്പീരിയൻസ് ആയിരുന്നെന്നും എന്നാലും തമിഴിന്റെ അത്ര സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടില്ല തെലുങ്ക് എന്നും അവർ പറഞ്ഞു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു നടി.

96

സി. പ്രേം കുമാർ തിരക്കഥയും സംവിധാനവും ഒരുക്കിയ തമിഴ് ചിത്രമാണ് 96. തൃഷ, വിജയ് സേതുപതി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. ചിത്രത്തിൽ തൃഷയുടെ ചെറുപ്പം അഭിനയിച്ചത് ഗൗരി കിഷനാണ്.

Content Highlight: Gouri G Kishan Talking about 96 Movie

We use cookies to give you the best possible experience. Learn more