ഒരൊറ്റ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച് തെന്നിന്ത്യയിൽ നിന്നും ജനപ്രീതി നേടിയെടുത്ത നടിയാണ് ഗൗരി.ജി.കിഷൻ. സി പ്രേം കുമാർ രചനയും സംവിധാനവും നിർവഹിച്ച് 2018ൽ പുറത്തിറങ്ങിയ സിനിമയാണ് 96. വിജയ് സേതുപതി, തൃഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രത്തിൽ തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് ഗൗരിയായിരുന്നു. സിനിമയിലെ നടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തിരുന്നു. മാസ്റ്റർ, അനുഗ്രഹീതൻ ആന്റണി, കർണ്ണൻതുടങ്ങിയവയാണ് താരത്തിന്റേതായിട്ടുള്ള മറ്റ് ചിത്രങ്ങൾ.
ഇപ്പോഴിതാ താരത്തിന്റെ പുതിയ വെബ് സീരീസായ ലവ് ഓൾവെയ്സുമായ് ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് നടി, 96 എന്ന സിനിമയിലെ തന്റെ കഥാപാത്രമായ ജാനുവിനെക്കുറിച്ചും ഇപ്പോഴും പലരും തന്നെ അങ്ങനെയാണ് കാണുന്നതെന്നും യഥാർത്ഥത്തിലുള്ള തന്നെ പലർക്കും ഉൾകൊള്ളാൻ കഴിയാറില്ലെന്നും തുടങ്ങിയ കാര്യങ്ങൾ പങ്കു വെച്ചത്.
ഗൗരി ജി. കിഷൻ.Photo. Screen Grab/ Youtube.com
‘ഞാൻ ആദ്യമായിട്ട് ചെയ്ത ക്യാരക്ടറാണ് ജാനു. അത്രയും മെമ്മറബിളായിട്ടുള്ള കഥാപാത്രം ആയതുകൊണ്ട് ഞാൻ ജീവിതത്തിലും അങ്ങനെയാന്നെന്ന് പലരും വിചാരിച്ചു വെച്ചിരിക്കുന്നത് വലിയൊരു തെറ്റിദ്ധാരണയായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. ആളുകൾക്കത് അക്സപ്റ്റ് ചെയ്യാൻ പറ്റാറില്ല. ‘ഈ പെണ്ണെന്താണ് ഇങ്ങനെ സംസാരിക്കുന്നത്’ എന്നൊക്കെയാണ് അവർ ചിന്തിക്കുന്നത്.
ഞാൻ ആ സിനിമ ചെയ്തിട്ട് 8 വർഷമായി. ആ ഒരു കഥാപാത്രത്തിന്റെ സോണിൽ നിന്നും ഞാൻ കുറച്ച് മാറി ഒരു വേഷം ചെയ്താൽ പോലും ഉദാഹരണത്തിന് ഗ്ലാമറസായിട്ടുള്ള റോളുകൾ ചെയ്താൽ സ്‌ക്രീനിൽ ഇന്റിമസിയുണ്ടെങ്കിൽ കുറച്ച് ദേഷ്യപ്പെട്ട് സംസാരിച്ചാൽ ‘അതെന്തിനാ അങ്ങനെ ചെയ്യുന്നതെന്നും നമ്മുടെ ജാനു ഇങ്ങനെയല്ല എന്നൊക്കെയാണ് അവർ പറയുന്നത്,’ താരം പറഞ്ഞു.
താൻ ബാംഗ്ലൂരിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് 96 ഷൂട്ട് ചെയ്തതെന്നും അവിടത്തെ തന്റെ ജീവിതം വ്യത്യസ്തമായിരുന്നെന്നും താരം കൂട്ടിച്ചേർത്തു. ആ സമയത്ത് തന്നെ താൻ പേഴ്‌സണൽ ജീവിതവും പ്രൊഫഷണൽ ജീവിതവും രണ്ടായിട്ട് തന്നെയാണ് കണ്ട് തുടങ്ങിയതെന്നും നടി വ്യക്തമാക്കി.
തന്റെ അവിടുത്തെ ലൈഫ് സ്റ്റൈലും തന്റെ രീതികളും ചിത്രത്തിലെ ജാനുവുമായി ഒട്ടും മാച്ച് ചെയ്യുന്നതായിരുന്നില്ലെന്നും അത് ആളുകളെ തെറ്റിദ്ധരിപ്പിച്ചെന്നും ഗൗരി പറഞ്ഞു. എന്നാൽ ഇപ്പോൾ കൂടുതൽ ഇന്ററാക്ഷനിലൂടെ ജാനുവിനപ്പുറത്തേക്ക് ഗൗരിയെ അവർ മനസിലാക്കി തുടങ്ങിയിട്ടുണ്ടെന്നും അവരുടെ കാഴ്ചപ്പാടുകളിൽ മാറ്റങ്ങൾ വരുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
Content Highlight: Gouri G. Kishan stated that many people still view her as Jaanu and question why she speaks in such a manner.