തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരസ്പരം ട്രോളി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനും സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ വി.എസ്. സുനില്‍ കുമാറും.
ഇത്തവണ തൃശൂരില്‍ മത്സരിക്കുകയാണെങ്കില്‍ ബി.ജെ.പി വിജയിക്കുമെന്നാണ് ബി. ഗോപാലകൃഷ്ണന്റെ അവകാശവാദം. എന്നാല്‍ അങ്ങനെ ജയിക്കണമെങ്കില്‍ ഇ.വി.എമ്മില്‍ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു സുനില്‍ കുമാറിന്റെ മറുപടി.
തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുന്നതിനിടെയായിരുന്നു ഇരുവരുടെയും പരാമര്‍ശം.
ബി.ജെ.പി ജയിച്ചുവെന്ന് പറയുമ്പോള്‍ ഇവര്‍ എപ്പോഴും ഇ.വി.എമ്മിനെയാണ് കുറ്റപ്പെടുത്തുകയെന്നും സുനില്‍ കുമാറിനുള്ള മറുപടിയായി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
തമാശരൂപേണയാണ് ഇരുവരും സംസാരിച്ചതെങ്കിലും കാര്യമായ രാഷ്ട്രീയവും സംസാരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. തങ്ങള്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് സുഹൃത്തുക്കളായിരുന്നുവെന്നും എന്നാല്‍ രാഷ്ട്രീയത്തില്‍ ആ സൗഹൃദമില്ലെന്നുമാണ് സുനില്‍ കുമാര്‍ പറയുന്നത്.
തൃശൂര്‍ കേരളവര്‍മ കോളേജില്‍ പഠിക്കുന്ന സമയത്ത് സുനില്‍ കുമാറിനെ താന്‍ തോല്‍പ്പിച്ചിരുന്നു. അതിനുള്ള പ്രതികാരം വീട്ടാനാണ് സുനില്‍ കുമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അന്ന് വേണ്ടത്ര രീതിയില്‍ മുന്‍കരുതല്‍ എടുത്തിരുന്നില്ലെന്നും എന്നാല്‍ ഇത്തവണ ജയിക്കുമെന്നും അദ്ദേഹം പറയുന്നു.
2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് വി.എസ്. സുനില്‍ കുമാറും ബി. ഗോപാലകൃഷ്ണനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പത്മജ വേണുഗോപാലുമായിരുന്നു ജനവിധി തേടിയിരുന്നത്.
അന്ന് 53,664 വോട്ടുമായാണ് സുനില്‍ കുമാര്‍ നിയമസഭയില്‍ എത്തിയത്. 6,987 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സുനില്‍ കുമാറിന്റെ വിജയം. ഒന്നാം എല്‍.ഡി.എഫ് സര്‍ക്കാരിലെ കൃഷിമന്ത്രിയുമായിരുന്നു അദ്ദേഹം.
മൂന്നാം സ്ഥാനത്തെത്തിയ ഗോപാലകൃഷ്ണന്‍ 24,748 വോട്ടും നേടിയിരുന്നു. 46,677 വോട്ടുമായാണ് പത്മജ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്മജ ബി.ജെ.പിയിലേക്ക് മാറിയിരുന്നു.
Content Highlight: Gopalakrishnan says he will win if he contests from Thrissur this time; Sunil Kumar says something will have to be done about EVMs