ന്യൂദല്‍ഹി: പിന്‍കോഡുകള്‍ക്ക് പകരം പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ്. ഡിജിപിന്‍ എന്ന സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. തപാല്‍ വകുപ്പ് പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.
ഇതിലൂടെ മേല്‍വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാകുമെന്നാണ് തപാല്‍ വകുപ്പ് പറയുന്നത്. ഓരോരുത്തരുടെയും ഡിജിപിന്‍ സര്‍ക്കാര്‍ പ്രത്യേകം തയ്യാറാക്കിയ വെബ്‌സൈറ്റിലൂടെ അറിയാന്‍ സാധിക്കും.
സാധാരണയായി ഉപയോഗിച്ച് വരുന്ന പിന്‍കോഡുകള്‍ ഒരു വലിയ പ്രദേശത്തെ പ്രതിനിധീകരിക്കുന്നതിനായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഡിജിപിന്‍ വഴി മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ കഴിയുന്നതാണ്.
വീടിന്റെയോ ഓഫീസിന്റെയോ കൃത്യമായ ലൊക്കേഷന്‍ കോര്‍ഡിനേറ്റുകളില്‍ നിന്ന് തയ്യാറാക്കിയ 10 അക്ക ആല്‍ഫാന്യൂമെറിക് കോഡുകളാണ് ഈ ഡിജിപിനുകള്‍. ഇത് മുഖേന കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാനും കഴിയും.
കൊറിയറുകള്‍ക്ക് പുറമെ അടിയന്തര സാഹചര്യങ്ങളില്‍ പൊലീസ്, ആംബുലന്‍സ്, ഫയര്‍ ഫോഴ്സ് എന്നീ സേവനങ്ങള്‍ ലഭ്യമാകുന്നതിനായും ഡിജിപിന്‍ ഉപയോഗിക്കാം. ഇതിലൂടെ അതിവേഗത്തില്‍ ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നതാണ്.
ഓണ്‍ലൈന്‍വെബ്‌സൈറ്റുകള്‍ വഴി ഷോപ്പിങ് നടത്തുന്നവര്‍ക്കും ഡിജിപിന്‍ ഉപയോഗപ്രദമാകും. ഐ.ഐ.ടി ഹൈദരാബാദ്, എ.ആര്‍.എസ്.സി, ഐ.എസ്.ആര്‍.ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യ പോസ്റ്റ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ ഡിജിപിന്‍ ലഭിക്കാന്‍
https://dac.indiapost.gov.in/mydigipin/home എന്ന പേജ് മുഖേന നിങ്ങള്‍ക്ക് ഡിജിപിന്‍ കണ്ടെത്താവുന്നതാണ്. ലൊക്കേഷന്‍ കണ്ടുപിടിച്ച് അതിനുമുകളില്‍ ക്ലിക്ക് ചെയ്താല്‍ ഡിജിപിന്‍ ലഭ്യമാകുന്നതാണ്. നാല് മീറ്റര്‍ പരിധിയില്‍ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ഡിജിപിന്‍ വഴി സാധിക്കും.
Content Highlight: Goodbye to pin codes; India Post introduces DigiPIN