ന്യൂദല്‍ഹി: പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ടെലകോം മന്ത്രാലയം പുറത്തിറക്കിയ ചട്ടങ്ങളെ പ്രശംസിച്ച് ബി.ജെ.പി എം.പി രാഘവ് ഛദ്ദ.
പുതിയ റീചാര്‍ജ് പ്ലാനുകളെ സ്വാഗതം ചെയ്തുകൊണ്ട് ഛദ്ദ എക്‌സില്‍ വീഡിയോ പങ്കുവെച്ചു.
എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവയുള്‍പ്പെടെയുള്ള ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് വോയ്‌സ്, എസ്.എം.എസ് മാത്രമുള്ള റീചാര്‍ജ് പ്ലാനുകള്‍ കൂടി ലഭ്യമാക്കാന്‍ ടെലകോം മന്ത്രാലയം ഭേദഗതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു പുറമെ 30 ദിവസത്തെ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ അവതരിപ്പിച്ച ടെലകോം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (പതിമൂന്നാം ഭേദഗതി) ചട്ടങ്ങള്‍, 2026 പ്രകാരം 28 ദിവസത്തിന് പകരം 30 ദിവസത്തെ പ്ലാനുകള്‍, ഡാറ്റ ആവശ്യമില്ലാത്തവര്‍ക്ക് വോയ്‌സ്, എസ്.എം.എസ് മാത്രമുള്ള പ്ലാനുകള്‍, കുറഞ്ഞ ബജറ്റ് ഉപഭോക്താക്കള്‍ക്ക് അടിസ്ഥാന വോയ്‌സ് കോളുകള്‍ മാത്രമുള്ള പ്ലാനുകള്‍ എന്നിവ ലഭ്യമാക്കും.
പരിമിതവും എന്നാല്‍ ചെലവേറിയതുമായ റിചാര്‍ജ് ഓപ്ഷനുകള്‍ മാത്രം ലഭ്യമാക്കുന്നതിനെതിരെ ഇതിന് മുമ്പ് രാഘവ് ഛദ്ദ രംഗത്തെത്തിയിരുന്നു.
ഉപഭോക്താക്കള്‍ക്കളുടെ സൗകര്യപ്രകാരം ഇതിന് പരിഹാരം കാണണമെന്ന് ഛദ്ദ കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പുതിയ നിര്‍ദേശപ്രകാരം ഉപഭോക്താക്കള്‍ 13നുപകരം 12 തവണ റിചാര്‍ജ് ചെയ്താല്‍ മതിയാകും.
Content Highlight: “Good News”: Raghav Chadha Says Prepaid Users Will Get 30-Day Recharge Plans