അജിത്ത് കുമാര്‍ നായകനായ ഗുഡ് ബാഡ് അഗ്ലി നെറ്റ്ഫ്‌ളിക്‌സില്‍ തിരിച്ചെത്തി. തന്റെ അനുവാദം ഇല്ലാതെ പാട്ടുകള്‍ ഉപയോഗിച്ചതിന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ സംഗീത സംവിധായകന്‍ ഇളയരാജ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് പിന്‍വലിക്കാന്‍ കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍. സെന്തില്‍ കുമാര്‍ ഉത്തരവിട്ടിരുന്നു. പിന്നാലെ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ വന്ന പതിപ്പില്‍ നിന്നും ഇളയരാജയുടെ പാട്ട് ഒഴിവാക്കിയിട്ടുണ്ട്.
നാട്ട് പുറപ്പാട്ട് എന്ന ചിത്രത്തിലെ ‘ഒത്ത രൂപ താരേന്‍’ എന്ന ഗാനം ഗുഡ് ബാഡ് അഗ്ലിയില്‍ ഉപയോഗിച്ചിരുന്നു. ചിത്രത്തിലെ രണ്ട് പ്രധാന രംഗത്തിലാണ് ഈ ഗാനം ഉപയോഗിച്ചത്. ഇതിനെതിരെ അഞ്ച് കോടി നഷ്ടപരിഹാരം നല്‍കുകയും പാട്ടുകള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യുകയും വേണമെന്നാണ് ഇളയരാജ ആവശ്യപ്പെട്ടത്. ഇത് നല്‍കാന്‍ നിര്‍മാതാക്കള്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് കോടതിയെ അദ്ദേഹം സമീപിച്ചത്.
ഇതിനെതുടര്‍ന്ന് ഇളയരാജയുടെ പാട്ടുകള്‍ അടങ്ങിയ ചിത്രം ഒ.ടി.ടിയില്‍ പോലും പ്രദര്‍ശിപ്പിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.
ഏപ്രില്‍ പത്തിനായിരുന്നു ഗുഡ് ബാഡ് അഗ്ലി റിലീസ് ചെയ്തത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത് അജിത് കുമാര്‍ നായകനായെത്തിയ ചിത്രം വന്‍ വിജയമായി മാറി. ബോക്സ് ഓഫീസില്‍ 200 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കിയിരുന്നു.
ഏറെക്കാലത്തിന് ശേഷം അജിത് കുമാര്‍ ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ സാധിച്ച ചിത്രമായാണ് ഗുഡ് ബാഡ് അഗ്ലിയെ നിരൂപകര്‍ വിശേഷിപ്പിച്ചത്. 220 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്.
എ.കെ. എന്ന ഗ്യാങ്സ്റ്ററായാണ് അജിത് ഗുഡ് ബാഡ് അഗ്ലിയില്‍ വേഷമിട്ടത്. തന്റെ മകനെ കള്ളക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ പ്രതികാരത്തിനിറങ്ങുന്ന എ.കെയുടെ കഥയാണ് ചിത്രം പറയുന്നത്. ആദ്യാവസാനം അജിത് എന്ന താരത്തിന്റെ മാക്സിമം ഓറ ഒപ്പിയെടുക്കാന്‍ സംവിധായകന് സാധിച്ചു. അജിത്തിന്റെ അടുത്ത ചിത്രവും ആദിക് രവിചന്ദ്രനൊപ്പമാണ്.
Content Highlight: Good Bad Ugly returns to Netflix without Ilayaraja’s song